കൊവിഡ് 19: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം; യാത്രക്കാര്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ പാലിക്കണം

സന്ദര്‍ശകഗ്യാലറിയില്‍ വിമാനത്താവള അതോറിറ്റിയും സിഐഎസ്എഫും നിയന്ത്രണമേര്‍പ്പെടുത്തും. വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ മൂന്നിടങ്ങളിലായി പോലിസ് സംഘവും നിരീക്ഷിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.

Update: 2020-03-14 14:04 GMT

കോഴിക്കോട്: കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. യാത്രക്കാര്‍ക്കും വഹാനഡ്രൈവര്‍ക്കും മാത്രമായിരിക്കും വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി. സ്വീകരിക്കാനോ യാത്രയാക്കാനോ കൂടുതല്‍ പേര്‍ വിമാനത്താവളത്തിനകത്തേയ്ക്കു പ്രവേശിക്കരുത്. സന്ദര്‍ശകഗ്യാലറിയില്‍ വിമാനത്താവള അതോറിറ്റിയും സിഐഎസ്എഫും നിയന്ത്രണമേര്‍പ്പെടുത്തും. വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ മൂന്നിടങ്ങളിലായി പോലിസ് സംഘവും നിരീക്ഷിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.

രോഗബാധിത രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ എത്തുന്ന യാത്രക്കാര്‍ പരസ്പരം അകലം പാലിച്ച് സുരക്ഷ ഉറപ്പുവരുത്തണം. വൈറസ് ബാധിത പ്രദേശങ്ങളില്‍നിന്നെത്തുന്ന രോഗലക്ഷണങ്ങളില്ലാത്തവര്‍ യാത്രയ്ക്ക് പൊതുവാഹനങ്ങള്‍ ഉപയോഗിക്കരുത്. ടാക്‌സിയിലോ സ്വന്തം വാഹനങ്ങളിലോ യാത്രചെയ്യുന്നവര്‍ വഴിയിലിറങ്ങി ഭക്ഷണം കഴിക്കുകയോ പൊതുജനങ്ങളുമായോ പൊതുസ്ഥലങ്ങളുമായോ സമ്പര്‍ക്കത്തിലേര്‍പ്പെടരുത്. 14 ദിവസം വീടുകളില്‍ സ്വയം നിരീക്ഷണം ഉറപ്പാക്കുകയും ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ ബന്ധപ്പെടുകയും വേണം. വിമാനത്താവളത്തില്‍നിന്ന് മടങ്ങുന്ന യാത്രക്കാരുടെ വിലാസവും ഫോണ്‍ നമ്പറുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ടാക്‌സി ഡ്രൈവര്‍മാരുടെ കൈവശം സൂക്ഷിക്കണമെന്ന് കലക്ടര്‍ പറഞ്ഞു.

കണ്ണൂരിലും തൃശൂരിലും വൈറസ്ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ബംഗളൂരുവില്‍നിന്ന് റോഡ് മാര്‍ഗം ജില്ലയിലെത്തുന്നവരും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യവകുപ്പിന്റെ സഹായം തേടണം. ചൈന, സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്റ്, ഹോങ്‌കോങ്, വിയറ്റനാം, ജപ്പാന്‍, സൗത്ത് കൊറിയ, ഫാന്‍സ്, ജര്‍മനി, യുകെ, ഇറ്റലി, സ്‌പെയിന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ ആരോഗ്യജാഗ്രത ഉറപ്പാക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്ലിലെ 0483- 2737858 എന്ന നമ്പറിലും mcdmlpm@gmail.com എന്ന ഇ-മെയില്‍ വഴിയും സംശയദൂരീകരണം നടത്താം.

ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നത് തടയാന്‍ നടത്തിപ്പുകാര്‍തന്നെ നിര്‍ദേശം നല്‍കണം. മതപരമായ ചടങ്ങുകളിലും കൂടുതല്‍പേര്‍ ഒരുമിച്ചുകൂടുന്നത് സംഘാടകര്‍ നിയന്ത്രിക്കണംമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കൊവിഡ് 19 പ്രതിരോധ മുഖ്യസമിതി യോഗത്തില്‍ ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരിം, അസിസ്റ്റന്റ് കലക്ടര്‍ രാജീവ്കുമാര്‍ ചൗധരി, എഡിഎം എന്‍ എം മെഹറലി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി എന്‍ പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ മുഹമ്മദ് ഇസ്മയില്‍, എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. എ ഷിബുലാല്‍, ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഐ ആര്‍ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    

Similar News