സംസ്ഥാന അതിര്‍ത്തികളിലെ പരിശോധന കൂടുതല്‍ ശക്തമാക്കും: ഡിഐജി

അവശ്യ സാധനങ്ങളുമായി എത്തുന്ന വാഹനങ്ങള്‍ക്ക് സുഗമമായി സംസ്ഥാനത്തേക്ക് കടക്കാനുള്ള സൗകര്യവും ലഭ്യമാക്കിയതായും ഡിഐജി അറിയിച്ചു.

Update: 2020-04-04 14:19 GMT

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധ തമിഴ്‌നാട്ടില്‍ കൂടുതല്‍ പടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാടുമായുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധന കര്‍ശനമാക്കുമെന്ന് സൗത്ത് സോണ്‍ ഡിഐജി കെ സഞ്ജയ്കുമാര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തിയായ പാറശാലയിലേയും, വെള്ളറടയിലേയും പോലിസ് നിരീക്ഷണ സംവിധാനങ്ങള്‍ മിന്നല്‍ പരിശോധന നടത്തി ഡിഐജി വിലയിരുത്തി. വരും ദിവസങ്ങളിലും ഇവിടങ്ങളില്‍ കര്‍ശന ജാഗ്രത പാലിക്കാന്‍ ഡിഐജി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

അതേസമയം അവശ്യ സാധനങ്ങളുമായി എത്തുന്ന വാഹനങ്ങള്‍ക്ക് സുഗമമായി സംസ്ഥാനത്തേക്ക് കടക്കാനുള്ള സൗകര്യവും ലഭ്യമാക്കിയതായും ഡിഐജി അറിയിച്ചു.

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം, മാസ്‌ക്, ഗ്ലൗസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും, വ്യാപാര സ്ഥപനങ്ങളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ളവ പരിശോധിക്കുകയും ചെയ്യും. വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് ഡിഐജിയുടെ തീരുമാനം.  

Tags: