പ്രവാസികള്‍ക്ക് സ്വന്തം കെട്ടിടം കൊവിഡ് കെയര്‍ സെന്ററാക്കാന്‍ അവസരം

കൊവിഡ് കെയര്‍ സെന്ററിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുമെന്ന സത്യവാങ്മൂലം കെട്ടിട ഉടമ നല്‍കിയിരിക്കണം. നിരീക്ഷണ കാലാവധി കഴിഞ്ഞാല്‍ സ്വന്തം ചെലവില്‍ കെട്ടിടം അണുവിമുക്തമാക്കണം.

Update: 2020-05-23 16:24 GMT

മലപ്പുറം: ജില്ലയില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ കോവിഡ് കെയര്‍ സെന്ററാക്കി മാറ്റാന്‍ ജില്ലാ ഭരണകൂടം അവസരമൊരുക്കുന്നു. താല്പര്യമുള്ളവര്‍ തിരിച്ചെത്തുന്നതിന് മൂന്ന് ദിവസം മുമ്പെങ്കിലും covid19ciap.kerala.gov.in/iqp ജില്ലയില്‍ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാകലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍ എം മെഹറലി അറിയിച്ചു.

ആള്‍ത്താമസമില്ലാത്ത വീടുകളും ഇത്തരത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ കൊവിഡ് കെയര്‍ സെന്ററാക്കി മാറ്റാം. കെട്ടിടങ്ങളില്‍ ബാത്ത് അറ്റാച്ഡ് മുറികള്‍ ഉണ്ടായിരിക്കണം. നിരീക്ഷണത്തില്‍ കഴിയുന്നവരല്ലാതെ മറ്റാര്‍ക്കും ഇവിടെ പ്രവേശനമുണ്ടായിരിക്കില്ല. ഇത് പൂര്‍ണമായും ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിരിക്കും.

കൊവിഡ് കെയര്‍ സെന്ററിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുമെന്ന സത്യവാങ്മൂലം കെട്ടിട ഉടമ നല്‍കിയിരിക്കണം. നിരീക്ഷണ കാലാവധി കഴിഞ്ഞാല്‍ സ്വന്തം ചെലവില്‍ കെട്ടിടം അണുവിമുക്തമാക്കണം. ശുചീകരണ നടപടികള്‍ പൂര്‍ത്തിയാക്കിയത് ആരോഗ്യ വകുപ്പ് അധികൃതരെ ബോധ്യപ്പെടുത്തിയ ശേഷം അനുമതിയോടെ മാത്രമേ കെട്ടിടത്തിനകത്ത് മറ്റുള്ളവര്‍ പ്രവേശിക്കാവൂ.

വരുന്ന ആഴ്ചകളില്‍ നിരവധി പ്രവാസികള്‍ നാട്ടിലെത്താനിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ കണ്ടെത്തുക എന്നത് ശ്രമകരമാണെന്ന കാരണത്താലാണ് മുന്‍കൂട്ടി ഇത്തരമൊരു സൗകര്യമൊരുക്കാന്‍ തീരുമാനിച്ചതെന്ന് എ.ഡി.എം അറിയിച്ചു.

വിമാനത്താലവളത്തിലെത്തുന്ന പ്രവാസികളുടെ യാത്രാ വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭ്യമാകുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. ഫോണ്‍ 7736201213. 

Tags: