മെഡിക്കൽ കോളജിൽ നിന്നും ഓടിപ്പോയ ശേഷം തിരികെയെത്തിച്ച കൊവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു

അതീവ ഗുരുതരാവസ്ഥയിലുള്ള ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

Update: 2020-06-10 08:15 GMT

തിരുവനന്തപുരം: കൊവിഡ് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ചാടിപ്പോയതിനു ശേഷം തിരികെയെത്തിച്ച രോഗി ആത്മഹത്യക്ക് ശ്രമിച്ചു. ആനാട് സ്വദേശിയാണ് മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ തുണിയുപയോഗിച്ച് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

കടുത്ത മദ്യാസക്തിയുള്ള ഇയാൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. വിത്ത്ഡ്രോവൽ സിൻഡ്രോമാണ് ഏറെ ദിവസങ്ങളായി ഇയാൾക്കുണ്ടായിരുന്നത്. ആശുപത്രി ജീവനക്കാരോടടക്കം നിസഹകരണവും ഇയാളുടെ ഭാഗത്തുനിന്നുണ്ടായുരുന്നു.

ഇന്നലെയാണ് ഇയാൾ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുങ്ങിയത്. ആശുപത്രി വേഷത്തിൽത്തന്നെ ഓട്ടോയിലും ബസിലും കയറി വീടിന് സമീപമെത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞുവച്ചു. ഒരു മണിക്കൂറത്തെ പരിശ്രമത്തിനു ശേഷം ആരോഗ്യപ്രവർത്തകരെത്തി ദിശയുടെ വാഹനത്തിൽ ഇയാളെ വീണ്ടും മെഡിക്കൽ കോളജിലേക്കു എത്തിക്കുകയായിരുന്നു. 

തമിഴ്നാട്ടിൽനിന്നു മദ്യം വാങ്ങാൻ പോയതിനിടെയാണ് ഇയാൾക്ക് കൊവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാളെ കഴിഞ്ഞമാസം 28ന് രാത്രിയിലാണ് ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളജിലേക്കും മാറ്റിയത്.

Tags: