കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഒരു നഗരസഭാ വാര്‍ഡും ആറ് ഗ്രാമപ്പഞ്ചായത്തുകളും ഹോട്ട്‌സ്പോട്ടുകള്‍

ഹോട്ട്‌സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിനു പുറമെ നേരിയ തോതിലുള്ള ചില ഇളവുകള്‍കൂടി ഉപാധികളോടെ പ്രഖ്യാപിച്ചിട്ടുണ്ട്.

Update: 2020-04-27 13:37 GMT

മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അതിതീവ്രമേഖലയായി പ്രഖ്യാപിച്ച മലപ്പുറം ജില്ലയില്‍ നിലവില്‍ ഹോട്ട്‌സ്പോട്ടുകളായുള്ളത് ഒരു നഗരസഭാ വാര്‍ഡും ആറ് ഗ്രാമപ്പഞ്ചായത്തുകളും. മഞ്ചേരി നഗരസഭയിലെ വാര്‍ഡ് 17, തലക്കാട്, വേങ്ങര, കണ്ണമംഗലം, ഒഴൂര്‍, എആര്‍ നഗര്‍, ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവയാണ് ഹോട്ട്‌സ്പോട്ട് പട്ടികയിലുള്ളത്.

ഇവിടങ്ങളില്‍ കര്‍ശനനിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലയില്‍ പ്രഖ്യാപിച്ച ഇളവുകളൊന്നും ഹോട്ട്‌സ്പോട്ട് പ്രദേശങ്ങളില്‍ ബാധകമല്ലെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഹോട്ട്‌സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിനു പുറമെ നേരിയ തോതിലുള്ള ചില ഇളവുകള്‍കൂടി ഉപാധികളോടെ പ്രഖ്യാപിച്ചിട്ടുണ്ട്.

* പൊതു- സ്വകാര്യമേഖലകളില്‍ കിണര്‍ നിര്‍മാണത്തിന് ജില്ലാ കലക്ടറുടെ അനുമതി. ആരോഗ്യജാഗ്രത പൂര്‍ണമായും പാലിച്ചായിരിക്കണം കിണര്‍ നിര്‍മാണം.

* 33 ശതമാനം ജീവനക്കാരുമായി എല്‍ഐസി ഓഫിസുകള്‍ പ്രവര്‍ത്തിക്കാം. എന്നാല്‍, ഉപഭോക്താക്കളെ ഓഫിസുകളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല.

* സിമന്റ് വില്‍പ്പന സ്ഥാപനങ്ങള്‍ക്ക് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.

* ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഫാബ്രിക്കേഷന്‍ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം

* ഏപ്രില്‍ 29, 30 തിയ്യതികളില്‍ മള്‍ട്ടി ബ്രാന്‍ഡ് ഒഴികെയുള്ള വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ക്ക് ശുചീകരണത്തിനായി മാത്രം തുറക്കാം. രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ് ഇതിന് അനുമതി. ഈ സമയം ഉപഭോക്താക്കളെ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാനോ വില്‍പ്പന നടത്താനോ പാടില്ല.

* മെയ് ഒന്നിന് ശുചീകരണത്തിനായി ഫുട്ട്വെയറുകള്‍ തുറക്കാം. രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ് ഇതിന് അനുമതി. ഈ സമയം ഉപഭോക്താക്കളെ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കാനും വില്‍പ്പനയ്ക്കും അനുമതിയില്ല. 

Tags: