കൊവിഡ്19 പ്രതിരോധം; മൊബൈല്‍ ആപ്പ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയുടെ മൊബൈലില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ വ്യക്തി നിരീക്ഷണത്തില്‍ കഴിയുന്ന സ്ഥലത്ത് നിന്ന് പുറത്തേക്ക കടക്കുകയോ മറ്റു വ്യക്തികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ സഞ്ചാരപാത ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നിരീക്ഷണകേന്ദ്രത്തിന് ലഭിക്കുമെന്നത് ഈ ആപ്പിന്റെ പ്രത്യേകതയാണ്.

Update: 2020-04-01 14:53 GMT

സലിം എരവത്തൂര്‍

മാള (തൃശൂര്‍): കൊവിഡ് 19 വ്യാപനംതടയാന്‍ മൊബൈല്‍ ആപ്പുമായിവിദ്യാര്‍ത്ഥികള്‍. വള്ളിവട്ടം യൂനിവേഴ്‌സല്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് കൊവിഡ് 19 ബാധിച്ചവരുടെ സഞ്ചാരപാത കണ്ടെത്തി അവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിന് സഹായകമായ മൊബൈല്‍ ആപ്പ് രൂപകല്‍പന ചെയ്തത്.



കൊവിഡ് 19 മഹാമാരിയെ നിയന്ത്രിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന സംസ്ഥാനത്തെ ആരോഗ്യ വിഭാഗത്തിന് ഏറെ ഉപകാരപ്രദമായ ആപ്പാണ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചത്. ഒട്ടേറെ സവിശേഷതകള്‍ ഉള്ള ഈ ആപ്പ് സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് നിര്‍മ്മാര്‍ജജന യജ്ഞത്തില്‍ സഹായകമാകും എന്ന പ്രതീക്ഷയിലാണ് യൂനിവേഴ്‌സല്‍ വിദ്യാര്‍ഥികള്‍.

നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയുടെ മൊബൈലില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ വ്യക്തി നിരീക്ഷണത്തില്‍ കഴിയുന്ന സ്ഥലത്ത് നിന്ന് പുറത്തേക്ക കടക്കുകയോ മറ്റു വ്യക്തികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ സഞ്ചാരപാത ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നിരീക്ഷണകേന്ദ്രത്തിന് ലഭിക്കുമെന്നത് ഈ ആപ്പിന്റെ പ്രത്യേകതയാണ്.

രോഗലക്ഷണങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായുള്ള ചാറ്റ് ബോട്ട്, ആശുപത്രി സന്ദര്‍ശനം, കൂടാതെ ഡോക്ടറുമായി ആശയവിനിമയം നടത്തുവാനുള്ള സൗകര്യം, തൊട്ടടുത്തുള്ള കടകള്‍ കണ്ടെത്തുന്നതിനും, കടയുടമയുമായി ആശയവിനിമയം നടത്തുവാനുള്ള സൗകര്യം, കൊവിഡുമായി ബന്ധപ്പെട്ട ആധികാരിക സ്ഥിതിവിവരക്കണക്കുകള്‍, വാര്‍ത്തകള്‍ എന്നിവ നല്‍കാനുള്ള സൗകര്യവും ഈ മൊബൈല്‍ ആപ്പിന്റെ സവിശേഷതയാണ്.

കോളജിലെ അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും വിജയകരമായി പരീക്ഷിച്ച് നടപ്പിലാക്കിയതിന്റെ ആഹ്ലാദത്തിലാണ് കോളജ് അധികൃതര്‍. വിദ്യാര്‍ത്ഥികളായ വിഷ്ണു മുരളി, ജെയ്ഫര്‍, അഖില്‍കുമാര്‍, അശ്വിന്‍ ബാബു, സായൂജ് സജീവ്, ഹാഷിം അധ്യാപകരായ പ്രഫ. സനല്‍കുമാര്‍ ടി എസ്, പ്രഫ. അന്റോണിയോ ജോസഫ്, പ്രഫ. ദീപക് കെ എന്‍ എന്നിവരാണ് ഈ മൊബൈല്‍ ആപ്പിന്റെ ശില്പികള്‍. 

Tags:    

Similar News