കെഎസ്ആർടിസിയുടെ പ്രവർത്തനം നിർത്തിവച്ചു; ജീവനക്കാർ ജോലിക്ക് വരേണ്ടതില്ല

ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെ കോർപറേഷൻ പ്രവർത്തിക്കില്ലെന്ന് സിഎംഡി അറിയിച്ചു.

Update: 2020-03-24 07:45 GMT

തിരുവനന്തപുരം: കൊവിഡ് രോഗം തടയുന്നതിനായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ കെഎസ്ആർടിസിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെ കോർപറേഷൻ പ്രവർത്തിക്കില്ലെന്ന് സിഎംഡി അറിയിച്ചു.

എല്ലാ ദിവസവും പകൽ സമയം ഓരോ യൂനിറ്റിലും ഒരു ഓഫിസറോ,  ഇൻസ്പെക്ടറോ ഉണ്ടാവണം. ഇവരെപ്പോഴും സെൽഫോണിൽ ലഭ്യമാവണം. അത്യാവശ്യ ഘട്ടത്തിൽ സർക്കാർ സംവിധാനങ്ങൾ ആവശ്യപ്പെട്ടാൽ കോർപ്പറേഷന്റെ വാഹനങ്ങൾ വിട്ടുനൽകാൻ ക്രമീകരണം ഒരുക്കണം. സെക്യൂരിറ്റി ജീവനക്കാർ 24X7 ഡ്യൂട്ടിക്ക് ഉണ്ടാവണം. ഇവർ ഇല്ലാത്ത ഡിപ്പോകളിൽ ഷണ്ടിങ് ഡ്രൈവറുടെ സേവനം ഉപയോഗപ്പെടുത്തണം. 

ടിക്കറ്റ് ആന്റ് ക്യാഷ് വിഭാഗം ജീവനക്കാർ ഓഫീസ് പൂട്ടി താക്കോൽ, പണം, മറ്റ് രേഖകൾ യൂനിറ്റ് അധികാരികൾക്ക് കൈമാറണം. ഇടിഎം ചുമതലയുള്ള ജീവനക്കാർ മൂന്ന് ദിവസത്തിലൊരിക്കൽ ഇടിഎം ചാർജ് ചെയ്യണം. ചീഫ് ഓഫീസിലെ കൺട്രോൾ റൂം 24x7 മണിക്കൂറും പ്രവർത്തിക്കണം. ചീഫ് ഓഫിസിലെ എല്ലാ ഓഫീസർമാരും സെൽഫോണിൽ ലഭ്യമാവുകയും അത്യാവശ്യമെങ്കിൽ ജോലിക്ക് വരികയും വേണം. 

മുകളിൽ പറഞ്ഞിട്ടുള്ളവർ ഒഴികെ ഒരു ജീവനക്കാരനും ഇനിയൊരു അറിയിപ്പ് ഉണ്ടാവും വരെ ഓഫീസിൽ ഹാജരാവേണ്ടതില്ലെന്നും നിർദേശമുണ്ട്.

Tags: