കോവിഡ് 19: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍
രോഗിയെ പരിചരിക്കുന്നവര്‍ മാസ്‌ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണം. രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം.
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം അതീവജാഗ്രതയിലാണ്. അതിനാല്‍തന്നെ ആരോഗ്യവകുപ്പ് നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കോവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍നിന്നും വന്നവരില്‍ രോഗലക്ഷണമുള്ളവരെ ഐസൊലേഷന്‍ സൗകര്യമുള്ള ആശുപത്രികളിലും രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലും നിരീക്ഷണത്തിലാക്കുന്നു. രോഗലക്ഷണങ്ങളിലെങ്കിലും ഈ കാലയളവിനുള്ളില്‍ രോഗംവരാനും രോഗപകര്‍ച്ചയുണ്ടാവാനും സാധ്യത കൂടുതലായതുകൊണ്ടാണ് ഇവരെ വീട്ടിലെ നിരീക്ഷണത്തിലാക്കുന്നത്.
ഇവര്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കേണ്ടതാണ്. രോഗിയെ പരിചരിക്കുന്നവര്‍ മാസ്‌ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണം. രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. രോഗിയെ സ്പര്‍ശിച്ചതിനു ശേഷവും രോഗിയുടെ മുറിയില്‍ കയറിയതിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ചു കഴുക്കുക. കൈകള്‍ തുടയ്ക്കുവാനായി പേപ്പര്‍ ടവല്‍, തുണികൊണ്ടുള്ള ടവല്‍ എന്നിവ ഉപയോഗിക്കുക. ഉപയോഗിച്ച മാസ്‌കുകള്‍, ടവലുകള്‍ എന്നിവ സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യേണ്ടതാണ്.
രോഗലക്ഷണമുള്ളവര്‍ വായുസഞ്ചാരമുള്ള മുറിയില്‍തന്നെ കഴിയണം. പാത്രങ്ങള്‍, ബെഡ് ഷീറ്റ്, മറ്റു വസ്തുക്കള്‍ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക. തോര്‍ത്ത്, വസ്ത്രങ്ങള്‍ മുതലായവ ബ്ലീച്ചിങ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കേണ്ടതാണ്. ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല, തോര്‍ത്ത്, തുണി കൊണ്ട് വായും മൂക്കും മറയ്‌ക്കേണ്ടതും പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യണം. സന്ദര്‍ശകരെ ഒരുകാരണവശാവും അനുവദിക്കാതിരിക്കുക.
നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്‌റൂം തുടങ്ങിയവയും ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. രോഗലക്ഷണം പ്രകടമാവുന്നവര്‍ കോവിഡ് 19 കോള്‍ സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. ഒരുകാരണവശാലും പൊതുഗതാഗത സമ്പ്രദായമുപയോഗിച്ച് ആശുപത്രിയിലെത്തരുത്. കോവിഡ് 19 കോള്‍ സെന്ററിലെ 0471- 2309250, 0471 2309251, 0471 2309252 എന്നീ നമ്പരുകളിലേക്കോ ദിശയിലെ 2552056 എന്ന നമ്പരിലേക്കോ വിളിച്ചാല്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും. ഇതുകൂടാതെ ജില്ലാ നമ്പരുകളിലും ബന്ധപ്പെടാം.

