മലബാര്‍ ഗോള്‍ഡിനെതിരേ വ്യാജ വാര്‍ത്ത നല്‍കിയ സംഘപരിവാര ചാനലിന് 50 ലക്ഷം രൂപ പിഴ

വ്യാജ വാര്‍ത്ത നല്‍കിയ ചാനലിനും അതിന്റെ എഡിറ്റര്‍ സുരേഷ് ചാവങ്കെക്കുമെതിരേ മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ എം പി അഹമ്മദ് നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതി ഉത്തരവ്.

Update: 2019-03-14 09:23 GMT

ന്യൂഡല്‍ഹി: മലബാര്‍ ഗോള്‍ഡ് ജ്വല്ലറിക്കെതിരേ വ്യാജ വാര്‍ത്ത നല്‍കിയ സുദര്‍ശന്‍ ടിവി ചാനലിന് പിഴ. കോഴിക്കോട് സബ് കോടതിയാണ് ചാനല്‍ അരക്കോടി രൂപ പിഴയടക്കാന്‍ ഉത്തരവിട്ടത്. വ്യാജ വാര്‍ത്ത നല്‍കിയ സംഘപരിവാര ബന്ധമുള്ള ചാനലിനും അതിന്റെ എഡിറ്റര്‍ സുരേഷ് ചാവങ്കെക്കുമെതിരേ മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ എം പി അഹമ്മദ് നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതി ഉത്തരവ്.

ചൊവ്വാഴ്ച്ച നടന്ന വാദം കേള്‍ക്കലില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാനലും എഡിറ്റര്‍ സുരേഷ് ചാവങ്കെയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അര കോടി രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ചെലവുകള്‍ കെട്ടിവയ്ക്കാനും കോടതി ഉത്തരവിട്ടു.

ദുബയ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന കമ്പനി നടത്തിയ പാകിസ്താന്‍ സ്വാതന്ത്ര്യ ദിനാഘോഷം മലബാര്‍ ഗോള്‍ഡ് ചെന്നൈയില്‍ നടത്തിയതാണെന്ന രീതിയില്‍ വാര്‍ത്ത നല്‍കുകയാണ് ചാനല്‍ ചെയ്തത്. 2016 ആഗസ്ത് 20നാണ് ചാനല്‍ മലബാര്‍ ഗോള്‍ഡിനെക്കുറിച്ച് മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ വാര്‍ത്ത പുറത്തുവിട്ടത്. ബിസിനസ് എതിരാളികള്‍ക്ക് വേണ്ടി ദുരുദ്ദേശത്തോട് കൂടിയാണ് ചാനല്‍ ഈ വാര്‍ത്ത പുറത്തിവിട്ടതെന്ന് മലബാര്‍ ഗോള്‍ഡ് ആരോപിക്കുന്നു

Tags: