നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം: പോലിസിനെതിരേ നടപടി വേണം; മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കി എന്‍സിഎച്ച്ആര്‍ഒ

കൊവിഡ് കാലത്ത് ജപ്തി നടപടികളും അതുപോലുള്ള കാര്യങ്ങളും തിടുക്കത്തില്‍ നടപ്പാക്കരുതെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും പൂര്‍ണമായി പാലിക്കപ്പെട്ടിട്ടില്ല എന്നതിന് ഏറ്റവും വലിയ തെളിവാണ് നെയ്യാറ്റിന്‍കരയിലെ ദാരുണസംഭവമെന്ന് പരാതിയില്‍ പറയുന്നു.

Update: 2020-12-29 11:18 GMT

കോഴിക്കോട്: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിക്കാനിടയായ സംഭവത്തില്‍ പോലിസിനെതിരേ നടപടിയാവശ്യപ്പെട്ട് എന്‍സിഎച്ച്ആര്‍ഒ മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. നെയ്യാറ്റിന്‍കര പോങ്ങില്‍ നേട്ടത്തോട്ടം ലക്ഷം വീട് കോളനിയില്‍ രാജന്‍ (42), അമ്പിളി (36) എന്നിവര്‍ മരിക്കാനിടയായത് പോലിസിന്റെ അവിവേകപൂര്‍ണമായ ഇടപെടല്‍കൊണ്ടാണ്.

കൊവിഡ് കാലത്ത് ജപ്തി നടപടികളും അതുപോലുള്ള കാര്യങ്ങളും തിടുക്കത്തില്‍ നടപ്പാക്കരുതെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും പൂര്‍ണമായി പാലിക്കപ്പെട്ടിട്ടില്ല എന്നതിന് ഏറ്റവും വലിയ തെളിവാണ് നെയ്യാറ്റിന്‍കരയിലെ ദാരുണസംഭവമെന്ന് പരാതിയില്‍ പറയുന്നു.

കോടതി വിധി നടപ്പാക്കാനാണെന്ന് പറഞ്ഞ് കടന്നുവന്ന പോലിസ്, ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന രാജനെ ബലംപ്രയോയോഗിച്ചു വീട്ടില്‍നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയായിരുന്നു. പോലിസിന്റെ കടന്നാക്രമണത്തെ ചെറുക്കാന്‍ കഴിയാത്ത നിസ്സഹായനായ രാജന്‍ സ്വന്തം ദേഹത്ത് പെട്രോളൊഴിച്ച് ഭാര്യയെ ചേര്‍ത്തുപിടിച്ചു തീക്കൊളുത്തി മരിക്കുകയായിരുന്നു.

പോലിസിന്റെ സമയോചിതമല്ലാത്തതും പ്രകോപനപരവുമായ പ്രവൃത്തിയാണ് ഇത്തരമൊരു സംഭവത്തില്‍ കലാശിച്ചത്. അതിനാല്‍, അന്നേദിവസം കൃത്യനിര്‍വഹണത്തില്‍ പങ്കെടുത്ത എല്ലാ പോലിസുകാര്‍ക്കെതിരെയും അച്ചടക്കനടപടി സ്വീകരിക്കണമെന്ന് എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി പരാതിയില്‍ ആവശ്യപ്പെട്ടു.

Tags: