ബിജെപി ഭരിക്കുന്ന വെങ്ങാനൂർ പഞ്ചായത്തിൽ അഴിമതിയെന്ന്; ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രാജിവച്ച് സിപിഎമ്മിൽ ചേർന്നു
എന്നാൽ സന്തോഷകുമാറിനെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ബിജെപി നേതൃത്വം വ്യക്തമാക്കി
തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ വികസന പ്രവർത്തനങ്ങളിൽ കമ്മീഷൻ പറ്റുന്നുവെന്ന് ആരോപിച്ച് വെണ്ണിയൂർ വാർഡ് മെമ്പറും ബിജെപി വെങ്ങാനൂർ ഈസ്റ്റ് മേഖല പ്രസിഡന്റുമായ സന്തോഷ്‌കുമാർ രാജിവച്ച് സിപിഎമ്മിൽ ചേർന്നു. വിഴിഞ്ഞം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം വിളിച്ച് തന്റെ നിലപാടുകളും സന്തോഷ് വ്യക്തമാക്കി. പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനവും അദ്ദേഹം രാജിവച്ചു. എന്നാൽ സന്തോഷകുമാറിനെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ബിജെപി നേതൃത്വം വ്യക്തമാക്കി.
ബിജെപി ഭരിക്കുന്ന വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി എസ് ശ്രീകലയുടെയും വൈസ് പ്രസിഡന്റ് സതീഷ് കുമാറിന്റെയും അഴിമതിയിലും ജനവിരുദ്ധ നടപടിയിലും കമ്മീഷൻ ഭരണത്തിലും പ്രതിഷേധിച്ച് താൻ ബിജെപിയിൽ നിന്നും രാജി വയ്ക്കുകയാണെന്ന് സന്തോഷ് കുമാർ അറിയിച്ചു. പതിനഞ്ചാം വയസ്സിൽ ആർഎസ്എസ്സിൽ അംഗമാകുമയും യുവമോർച്ച പഞ്ചായത്ത്പ്രസിഡന്റ് കോവളം മണ്ഡലം സെക്രട്ടറി, ബിജെപി വെങ്ങാനൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി, പഞ്ചായത്ത് ഈസ്റ്റ് മേഖല പ്രസിഡന്റ് എന്നീ ചുമതലകൾവഹിച്ച് പ്രവർത്തിച്ച് വരുകയായിരുന്നു. എന്നാൽ പഞ്ചായത്ത് ഭരണ സമിതിയിൽ നടക്കുന്ന അഴിമതിയും, സ്വജനപക്ഷപാതവും ഞാൻ പലപ്പോഴും പുറത്ത് കൊണ്ടുവന്നപ്പോൾ മുതൽ ബിജെപി നേതൃത്വം എന്നെ ഒറ്റപ്പെടുത്തുകയും അവഹേളിക്കുകയും ജാതി പറഞ്ഞുള്ള അധിക്ഷേപങ്ങൾക്ക് ഞാൻ വിധേയനാവുകയും ചെയ്തു.
സി പി എം ന്റെ ഉറച്ച കോട്ടയായ വെണ്ണിയൂർ വാർഡിൽ എന്നെ വിജയിപ്പിച്ച എന്റെ നാട്ടുകാരോട് എനിക്കുള്ള കടമ നിർവ്വഹിക്കേണ്ടതായിട്ടുണ്ട്. സർക്കാർ വിവിധ ക്ഷേമവികസന പദ്ധതികൾക്കായി നൽകുന്ന പണം അഴിമതി കൂടാതെ പഞ്ചായത്ത് ഭരണ സമിതിയിലൂടെ വിനിയോഗിച്ച് വിജയിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഞാനിതുവരെ പ്രവർത്തിച്ച് വന്ന ബിജെപി എന്റെ ശത്രുവാകുകയാണ് ഉണ്ടായത്.
വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് സമിതി എന്നത് അഴിമതിയുടെ കൂത്തരങ്ങാണ്. പദ്ധതികൾ നടപ്പാക്കാനായി പഞ്ചായത്ത് ചട്ടങ്ങൾ അനുസരിച്ച് കമ്മറ്റികൾ വിളിക്കാറില്ല. സ്റ്റിയറിംഗ് കമ്മറ്റി കൂടിയാണ് നയപരമായ കാര്യങ്ങൾ തീരുമാനിക്കേണ്ടത് എന്നത് ഭരണപരമായ നിയമമാണ്. എന്നാൽ ഈ ഭരണ സമിതി അധികാരമേറ്റ ശേഷം ഏകദേശം 3 ½ വർഷം ഈ സ്റ്റിയറിങ് കമ്മറ്റി കൂടിയിട്ടില്ല. ഇത് ചട്ടവിരുദ്ധമാണ്. കൂടാത്തതിനു കാരണം ഞാൻ കമ്മറ്റിയിൽ പങ്കെടുത്ത് അഭിപ്രായം പറയും എന്നതുകൊണ്ടാണ്. ഐഎസ്ഒ സർട്ടിഫിക്കേഷൻ കിട്ടുന്നതിനു വേണ്ടി 3½ വർഷത്തെ സ്റ്റിയറിംഗ് കമ്മറ്റി മിനിറ്റ്സ് ഒരുമിച്ച് എഴുതി ഒറ്റദിവസം കൊണ്ട് ഒപ്പിട്ട് ഹാജരാക്കി. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ഇത്തരം നടപടി ക്രമങ്ങൾക്ക് എതിരെ ഞാൻ ബി ജെ പി പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ലെന്നും സന്തോഷ് പറഞ്ഞു.

