കൊറോണ: പത്തനംതിട്ടയിലും കോട്ടയത്തും പരീക്ഷകള്‍ക്ക് മാറ്റമില്ല

രോഗലക്ഷണമുള്ള കുട്ടികള്‍ പരീക്ഷയെഴുതാന്‍ പാടുള്ളതല്ല. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവര്‍ക്ക് അതേ സ്‌കൂളില്‍ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Update: 2020-03-09 02:04 GMT

പത്തനംതിട്ട: കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ തിങ്കളാഴ്ച നടക്കാനിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരിക്ഷകള്‍ക്കും മാറ്റമില്ലെന്ന് കലക്ടര്‍ അറിയിച്ചു. എന്നാല്‍, രോഗലക്ഷണമുള്ള കുട്ടികള്‍ പരീക്ഷയെഴുതാന്‍ പാടുള്ളതല്ല. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവര്‍ക്ക് അതേ സ്‌കൂളില്‍ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കുമെന്നും കലക്ടര്‍ അറിയിച്ചു.

നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂനിവേഴ്‌സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് കോട്ടയം ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബുവും അറിയിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ മൂന്നുദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അങ്കണവാടികള്‍, പോളിടെക്‌നിക്കുകള്‍, പ്രഫഷനല്‍ കോളജ്, എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് ഒമ്പത് മുതല്‍ 11 വരെയാണ് ജില്ലാ കലക്ടര്‍ പി ബി നൂഹ് അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് മാത്രമാണ് അവധി നല്‍കിയിരിക്കുന്നത്. 

Tags:    

Similar News