കോട്ടയം മീനടത്ത് കൊറോണ ബാധയെന്ന് വ്യാജസന്ദേശം; ശക്തമായ നടപടിയെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

ആരോഗ്യവിഭാഗത്തില്‍ ജോലിചെയ്യുന്നയാളാന്നെന്ന് പറഞ്ഞാണ് ഓഡിയോ പ്രചാരണം നടത്തിയിരിക്കുന്നത്.

Update: 2020-03-12 10:16 GMT

കോട്ടയം: പാമ്പാടിക്ക് സമീപം മീനടം മേഖലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചെന്ന രീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജസന്ദേശം. ആരോഗ്യവകുപ്പിന്റെ പരാതിയില്‍ സന്ദേശം പ്രചരിപ്പിച്ചയാള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ പോലിസിന് നിര്‍ദേശം നല്‍കി. വ്യാജസന്ദേശം പ്രചരിപ്പിച്ച പാമ്പാടി സ്വദേശിയെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ആരോഗ്യവിഭാഗത്തില്‍ ജോലിചെയ്യുന്നയാളാന്നെന്ന് പറഞ്ഞാണ് ഓഡിയോ പ്രചാരണം നടത്തിയിരിക്കുന്നത്.

സന്ദേശം പ്രചരിപ്പിച്ചയാള്‍ക്കെതിരേ കേസെടുക്കുമെന്ന് പാമ്പാടി സിഐ യു ശ്രീജിത്ത് അറിയിച്ചു. ശബ്ദസന്ദേശത്തിലുള്ള ആളാരാണെന്ന് തിരിച്ചറിയുന്നതിനായി സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കുന്ന നടപടികള്‍ ജില്ലാ സൈബര്‍ സെല്‍ ആരംഭിച്ചു. താന്‍ ആരോഗ്യവിഭാഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണെന്നും മീനടത്ത് കൊറോണ സ്ഥിരീകരിച്ചെന്നും നാളെ ഔദ്യോഗികമായി വിവരം പുറത്തുവിടുമെന്നുമായിരുന്നു വ്യാജസന്ദേശത്തിന്റെ ഉള്ളടക്കം. 

Tags: