കൊറോണ: കേരളം ജാഗ്രതയില്‍; അതിര്‍ത്തിയില്‍ പരിശോധന, വയനാട്ടില്‍ പഠനയാത്ര വിലക്കി

വിദേശരാജ്യങ്ങളിലുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരവും അറിയിക്കണം. ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ഡിഡിഎംഎ ആക്ട് പ്രകാരം നടപടിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയില്‍ മാനന്തവാടിയിലും കല്‍പ്പറ്റയിലും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു.

Update: 2020-02-04 01:15 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുപേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. ജാഗ്രതയുടെ ഭാഗമായി വയനാട്ടിലും ജില്ലയ്ക്ക് പുറത്തുനിന്ന് അകത്തേക്കുമുള്ള പഠനയാത്രകള്‍ നിരോധിച്ചു. അതിര്‍ത്തികളില്‍ മലയാളികള്‍ക്ക് പരിശോധനയും ശക്തമാക്കി. കേരളത്തില്‍നിന്നും വരുന്നവരെ കര്‍ണാടക ആരോഗ്യവകുപ്പാണ് പരിശോധിച്ചുതുടങ്ങിയത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് ചാമരാജ് നഗര്‍ ആരോഗ്യവകുപ്പ് ചെക്‌പോസ്റ്റിന് സമീപം പരിശോധിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ആശുപത്രികളില്‍ കേരളത്തില്‍നിന്നും വരുന്നവര്‍ക്ക് പ്രത്യേക വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്. വയനാട് ജില്ലയില്‍ 42 പേരാണ് നിരീക്ഷണത്തിലുള്ളത്.

റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ടൂറിസ്റ്റുകളെ സംബന്ധിച്ച വിവരങ്ങള്‍ പ്രത്യേകം ആരോഗ്യവകുപ്പിനെ അറിയിക്കണം. വിദേശരാജ്യങ്ങളിലുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരവും അറിയിക്കണം. ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ഡിഡിഎംഎ ആക്ട് പ്രകാരം നടപടിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയില്‍ മാനന്തവാടിയിലും കല്‍പ്പറ്റയിലും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു. തൃശൂരില്‍ ആദ്യം രോഗബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ സാമ്പിളുകള്‍ തിങ്കളാഴ്ച അയച്ചതും പോസിറ്റീവാണെന്ന് പരിശോധനാഫലം പുറത്തുവന്നു. ഇവരുടെ ചികില്‍സ തുടരും. ഓരോ ദിവസം ഇടവിട്ട് സാമ്പിളുകള്‍ അയച്ചുകൊണ്ടേയിരിക്കും.

നെഗറ്റീവ് എന്ന ഫലം വരുന്നത് വരെ സാമ്പിളുകള്‍ അയക്കുമെന്നും തൃശൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. അതേസമയം, വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒരാളെക്കൂടി അറസ്റ്റ് ചെയ്തതായി തൃശൂര്‍ പോലിസ് അറിയിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍തന്നെയാണ് രോഗബാധിതയായ വിദ്യാര്‍ഥിനി ചികില്‍സയില്‍ തുടരുന്നത്. ചൈനയിലെ വുഹാനില്‍നിന്ന് ഒരുമിച്ച് തിരികെയെത്തിയ മൂന്ന് വിദ്യാര്‍ഥികളാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ഇപ്പോള്‍ തൃശൂരിലെയും ആലപ്പുഴയിലെയും മെഡിക്കല്‍ കോളജുകളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ചികില്‍സയിലുള്ളത്. തൃശൂരില്‍ 166 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

24 പേര്‍ ആശുപത്രിയിലുണ്ട്. പൂനെയില്‍നിന്ന് അഞ്ചും ആലപ്പുഴയില്‍നിന്ന് 35 ഉം സാമ്പിള്‍ ഫലം വരാനുണ്ട്. അത് കിട്ടിയ ശേഷം തുടര്‍ചികില്‍സ തീരുമാനിക്കും. രണ്ടാമത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആലപ്പുഴയില്‍ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് കലക്ടര്‍ എം അഞ്ജന അറിയിച്ചു. 150 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്. ആലപ്പുഴ ലാബില്‍ 10 സാമ്പിളുകള്‍ സ്വീകരിച്ചു. ഫലം 24 മണിക്കൂറിനുള്ളില്‍ ലഭിക്കും.

രോഗലക്ഷണങ്ങളുമായി 12 പേര്‍ ആശുപത്രിയിലുണ്ട്. ആലപ്പുഴയില്‍നിന്നുള്ള സാമ്പിളുകള്‍ പൂനെയില്‍ പരിശോധന നടത്തിയതില്‍ പോസിറ്റീവായ ഫലം ഒന്നും കിട്ടിയിട്ടില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കാസര്‍കോട് കാഞ്ഞങ്ങാട്ടുള്ള ജില്ലാ ആശുപത്രിയിലാണ് മൂന്നാമത്തെ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ പ്രതിരോധപ്രവര്‍ത്തനങ്ങളും ജാഗ്രതാപ്രവര്‍ത്തനങ്ങളും ഊര്‍ജിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ 34 ഐസോലേഷന്‍ മുറികള്‍ സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലാ ആശുപത്രിയില്‍ 18 ഐസോലേഷന്‍ മുറികളും ജനറല്‍ ആശുപത്രിയില്‍ 12 ഐസോലഷന്‍ മുറികളും സ്വകാര്യാശുപത്രിയില്‍ നാല് ഐസോലേഷന്‍ മുറികളുമാണ് ഒരുക്കിയിരിക്കുന്നത്.

കൊറോണ വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുള്ള രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പ് വിദേശത്തുനിന്നെത്തിയ ഇവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതുജനസമ്പര്‍ക്കമില്ലാതെ വീട്ടില്‍ കഴിയുകയായിരുന്നു. പനി, തൊണ്ടവേദന, ശ്വാസ തടസ്സം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളതായി ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ആംബുലന്‍സ് അയച്ച് മെഡിക്കല്‍ കോളജിലെത്തിച്ച് നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇവരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

Tags: