കൊറോണ: കെഎസ്ആർടിസി ജീവനക്കാർ ആശങ്കയിൽ; ഗതാഗത മന്ത്രിക്ക് കത്ത്
സംസ്ഥാനത്ത് പൊതുജനങ്ങളുമായി എറ്റവും കൂടുതൽ ഇടപഴകുന്നവരാണ് കെഎസ്ആർടിസി ജീവനക്കാർ. ഒരു ദിവസം 29 ലക്ഷം യാത്രക്കാരാണ് കെഎസ്ആർടിസി ബസിൽ കയറുന്നത്.
തിരുവനന്തപുരം: കൊറോണ രോഗം വീണ്ടും കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ കെഎസ്ആർടിസി ജീവനക്കാർ ആശങ്കയിൽ. ഈ സാഹചര്യത്തിൽ കെഎസ്ആർടിസി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂനിയൻ ഗതാഗത മന്ത്രിക്ക് കത്ത് നൽകി. കെഎസ്ടിഇയു സംസ്ഥാന ജനറൽ സെക്രട്ടറി എം ജി രാഹുലാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് കത്ത് നൽകിയത്. കെഎസ്ആർടിസി എംഡിക്കും കത്ത് നൽകിയിട്ടുണ്ട്.
കൊറോണ വൈറസ് പത്തനംതിട്ട ജില്ലയിൽ 5 പേർക്ക് ബാധിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് പൊതുജനങ്ങളുമായി എറ്റവും കൂടുതൽ ഇടപഴകുന്നവരാണ് കെഎസ്ആർടിസി ജീവനക്കാരെന്ന് കത്തിൽ പറയുന്നു. ഒരു ദിവസം 29 ലക്ഷം യാത്രക്കാരാണ് കെഎസ്ആർടിസി ബസിൽ കയറുന്നത്. എയർപോർട്ടിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും തുടങ്ങി എല്ലാ തിരക്കുളള പ്രദേശങ്ങളിലേക്കും ആവിശ്യാനുസരണം സർവ്വീസ് നടത്തുന്ന കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഈ വാർത്ത പുറത്ത് വന്നതോടു കൂടി ആശങ്കയിലാണ്.
യാതൊരു സുരക്ഷാ മുൻകരുതലും ഇല്ലാതെയാണ് അവർ ജോലി ചെയ്യുന്നത്. നാളെ ആറ്റുകാൽ പൊങ്കാല കൂടി നടക്കുന്ന സാഹചര്യത്തിൽ ഡ്രൈവർ, കണ്ടക്ടർ, ടിക്കറ്റ് & കാഷ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അടിയന്തരമായി മാസ്ക്, കൈയ്യുറ തുടങ്ങിയ സുരക്ഷ ക്രമീകരങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ എർപ്പെടുത്താൻ വേണ്ട നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.