സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷയിൽ കോപ്പിയടി

പരീക്ഷ നടന്ന അഞ്ചോളം കോളജുകളിൽ വ്യാപക കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി.

Update: 2020-10-24 13:45 GMT

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷയിൽ കോപ്പിയടി. മൂന്നാം സെമസ്‌റ്റർ കണക്ക് പരീക്ഷയിലാണ് കോപ്പിയടി കണ്ടെത്തിയത്. പരീക്ഷ നടന്ന അഞ്ചോളം കോളജുകളിൽ വ്യാപക കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി. പരീക്ഷ ഹാളിൽ രഹസ്യമായി മൊബൈൽ എത്തിച്ചാണ് കോപ്പിയടി നടത്തിയത്. കൊവിഡ് പ്രോട്ടോക്കോൾ മറയാക്കിയാണ് മൊബൈൽ ഫോണുകൾ ചില വിദ്യാർഥികൾ പരീക്ഷ ഹാളിനുള്ളിൽ എത്തിച്ചത്.

വാട്‌സ്‌ ആപ് വഴി ചോദ്യപേപ്പറിന്‍റെ ഫോട്ടോ പുറത്തുള്ളവർക്ക് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്‌തമായ വാട്‌സ്‌ ആപ് ഗ്രൂപ്പുകൾ വഴിയാണ് കോപ്പിയടി നടന്നത്. കോപ്പിയടിക്കാനുപയോഗിച്ച 20 മൊബൈൽ ഫോണുകളും ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തു. സംഭവത്തെക്കുറിച്ച് വിദഗ്‌ദ അന്വേഷണത്തിന് ഉത്തരവിട്ടതായി സാങ്കേതിക സർവ്വകലാശാല പ്രൊ. വൈസ് ചാൻസലർ എസ്. അയൂബ് വ്യക്തമാക്കി.

Tags: