എൻആർസിയിലേക്കുള്ള എളുപ്പവഴിയോ; കേരളത്തിൽ എൻപിആർ പുതുക്കാനുള്ള സർക്കാർ നീക്കം വിവാദത്തിൽ
എൻപിആർ തയ്യാറാക്കാനുള്ള നടപടികൾ പൂർണമായും പിൻവലിച്ച ശേഷം വേണം മുഖ്യമന്ത്രി പിണറായി വിജയൻ എൻആർസിയെക്കുറിച്ച് സംസാരിക്കാനെന്നാണ് ആവശ്യം.
തിരുവനന്തപുരം: പൗരത്വ നിഷേധത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ ശക്തമാവുന്നതിനിടെ കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) പുതുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് വിവാദത്തിൽ. ദേശീയ പൗരത്വ രജിസ്റ്റർ(എൻആർസി) തയ്യാറാക്കുന്നതിനുള്ള വിവരശേഖരണത്തി മുന്നോടിയാണ് നിലവിൽ സെൻസസിന്റെ മറവിൽ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. എന്‍പിആര്‍ വഴി രാജ്യത്ത് കടന്ന റോഹിങ്ക്യന്‍ മുസ്ലീങ്ങളെ കണ്ടെത്തുമെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിന് മുന്നോടിയായാണ് ജനസംഖ്യാ കണക്കെടുപ്പ് വരുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഈ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ മമതാബാനര്‍ജി എന്‍പിആര്‍ തയാറാക്കുന്നത് നിര്‍ത്തിവച്ചിരുന്നു.
ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രവൃത്തികളും നിര്‍ത്തിവെക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ബംഗാളിലെ ആഭ്യന്തര വകുപ്പിന്റെ സെന്‍സസ് വിഭാഗമാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ നിന്ന് പിന്‍മാറുന്നതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ മാതൃക കേരള സർക്കാരും പിന്തുടരണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. എൻപിആർ തയ്യാറാക്കാനുള്ള നടപടികൾ പൂർണമായും പിൻവലിച്ച ശേഷം വേണം മുഖ്യമന്ത്രി പിണറായി വിജയൻ എൻആർസിയെക്കുറിച്ച് സംസാരിക്കാനെന്നാണ് ആവശ്യം.
2021ലെ സെൻസസിന്റെ ഭാഗമായി കേരളത്തിൽ എൻപിആർ പുതുക്കുന്നത് നടപ്പാക്കാൻ തീരുമാനിച്ച് കഴിഞ്ഞ നവംബർ 12നാണ് കേരള സർക്കാർ ഉത്തരവിട്ടത്. ദേശീയ പൗരത്വ രജിസ്റ്ററിന്റെ മുന്നോടിയാണ് ജനസംഖ്യാ രജിസ്റ്ററെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പൗരത്വം സംശയാസ്പദമയാവരെ കണ്ടെത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ പൗരത്വം സംശയിക്കുന്നവരെ എന്തുചെയ്യണമെന്ന് ഇത് പറയുന്നില്ലെന്നും ഇവർ പറയുന്നു.
സെന്‍സസ് നിയോഗിച്ചവരുടെ ഫോണിൽ മൊബൈല്‍ ആപ് വഴി ആയിരിക്കും വിവര ശേഖരണമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. മൊബൈല്‍ ആപ്പ് ഉപയോഗിക്കുമ്പോള്‍ ശേഖരിച്ച വിവരങ്ങള്‍ വേഗത്തില്‍ കൈമാറാനും അവ അവലോകനം ചെയ്യാനും സാധിക്കും. ഇതിന്റെ മറവിൽ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നീക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് വിവരം. കേന്ദ്രത്തിന്റെ നീക്കത്തിനൊപ്പം നീക്കാനുള്ള കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ ശ്രമത്തിനെതിരേയാണ് ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് മന്ത്രിസഭ അറിഞ്ഞാണോ? അതോ ചീഫ് സെക്രട്ടറി ടോം ജോസിന്റെ പണിയാണോ? ആണെങ്കിലും അല്ലെങ്കിലും മുഖ്യമന്ത്രി ഇത് പിന്‍വലിച്ചിട്ടു ഇനി എന്‍ആര്‍സിയെപ്പറ്റി സംസാരിക്കണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു തുടങ്ങി.
കഴിഞ്ഞ തവണത്തെ എന്‍പിആര്‍ തയ്യാറാക്കലിന്റെ ഭാഗമായാണ് ആളുകളുടെ ഫിംഗര്‍ പ്രിന്റ് എടുത്തതും അവരറിയാതെ ആധാര്‍ കാര്‍ഡ് വീട്ടില്‍ വന്നതും. ആധാര്‍ അടിച്ചേല്പിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്ന സുപ്രീംകോടതി വിധി വന്നപ്പോഴേക്കും മിക്കവരും ആധാറിന്റെ കുരുക്കില്‍ പോയി പെട്ടത് എന്‍പിആറിനെ വിശ്വസിച്ചത് കൊണ്ടാണെന്നു ഓര്‍മ്മയുണ്ടാവുമല്ലോയെന്നും സാമൂഹിക പ്രവര്‍ത്തകനായ അഡ്വ.ഹരീഷ് വാസുദേവന്‍ ഇതിനെതിരേ എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
മതം, ജോലി അടക്കം 60 ഓളം ചോദ്യങ്ങള്‍
ഇന്ത്യയില്‍ 1860 ലാണ് ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടന്നത്. 2021ലേത് ഈ നിരയിലെ 16ാമത്തെ ജനസംഖ്യാ കണക്കെടുപ്പാണ്. 60 ഓളം ചോദ്യങ്ങളാണ് ഇതില്‍ ഉണ്ടാവുക. വീട്ടിലെ സൗകര്യങ്ങള്‍, കുടിവെള്ളം, വൈദ്യുതി സ്രോതസ്സുകള്‍, മതം, ജോലി, കുടുംബത്തില്‍ സംസാരിക്കുന്ന ഭാഷ ഇവയെല്ലാം ഇതില്‍ ഉണ്ടായിരിക്കും. ജനസംഖ്യാ കണക്കെടുക്കാന്‍ വേണ്ടി 27 ലക്ഷം പേരെ ആവശ്യമായി വരുമെന്നാണ് നിഗമനം.
ഉദ്യോഗസ്ഥര്‍ വീടുകള്‍ തോറും കയറിയിറങ്ങി ഇവിടെയുള്ള സൗകര്യങ്ങളും മറ്റും രേഖപ്പെടുത്തും. ആറ് മാസം കൂടി കഴിഞ്ഞ ശേഷം തലയെണ്ണല്‍ നടക്കും. ഇക്കുറി ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ വ്യക്തിയുടെ ജനന തീയ്യതി, അച്ഛന്റെ പേര്, വിലാസം എന്നിവയ്ക്ക് പുറമെ ആധാര്‍ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇന്‍കം ടാക്‌സ് പാന്‍ കാര്‍ഡ് നമ്പര്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നിവയും നല്‍കേണ്ടി വരുമെന്നാണ് വിവരം.
റവന്യു ജില്ലയെ മേഖലകളായി തിരിച്ചായിരിക്കും സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നഗരസഭ, മുനിസിപ്പാലിറ്റി, കന്റോണ്‍മെന്റ് എന്നിവയെ നഗരമേഖലയാക്കിയും ഇതര മേഖലയെ ഗ്രാമീണ മേഖലയായും തിരിച്ചായിരിക്കും സെന്‍സസ് പ്രവര്‍ത്തനങ്ങള്‍. റിസര്‍വ് വനം, വന്യ ജീവി സങ്കേതം, ദേശീയോദ്യാനം എന്നിവ ഒഴിവാക്കിക്കൊണ്ട് വില്ലേജടിസ്ഥാനത്തിലാണ് റവന്യു താലൂക്കിനെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി വിഭജിച്ചിരിക്കുന്നത്. ചെറുപട്ടണങ്ങളേയും പഞ്ചായത്തുകളേയും വാര്‍ഡിന്റെ അടിസ്ഥാനത്തിലായിരിക്കും തിരിക്കുക. എന്യൂമറേഷന്‍ ബ്ലോക്കായിരിക്കും ഏറ്റവും ചെറിയ സെന്‍സസ് ഘടകം. വനമേഖലയെ ഡിവിഷനും റേഞ്ചും ബ്ലോക്കുമായി തിരിക്കും. ജില്ലാ കലക്ടറാണ് ജില്ലയുടെ സെന്‍സസ് ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍. അദ്ദേഹത്തെ സഹായിക്കുന്നതിന് ഡെപ്യൂട്ടി കലക്ടര്‍ ജനറലിനെ ജില്ലാ സെന്‍സസ് ഓഫീസറായും നിയമിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ഉപഡയറക്ടര്‍, പഞ്ചായത്ത് ഉപഡയറക്ടര്‍, എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഉപഡയറക്ടര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ എന്നിവരാണ് അഡീഷണല്‍ ജില്ലാ സെന്‍സസ് ഓഫീസര്‍മാര്‍. തഹസീല്‍ദാര്‍മാര്‍ താലൂക്കിന്റെ ചാര്‍ജ് ഓഫീസര്‍മാരും മുനിസിപ്പല്‍ സെക്രട്ടറിമാര്‍ സിറ്റി സെന്‍സസ് ഓഫീസര്‍മാരും അഡീഷണല്‍ സെക്രട്ടറിമാര്‍ അഡീഷണല്‍ സെന്‍സസ് ഓഫീസര്‍മാരുമാകും. വീടുകളുടെ പട്ടിക തയ്യാറാക്കുന്നതിനും ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ശുദ്ധീകരിക്കുന്നതിനും അദ്ധ്യാപകരേയും വിവിധ സര്‍ക്കാര്‍ വകുപ്പ് ജിവനക്കാരെയും സൂപ്പര്‍വൈസര്‍മാരായും എന്യൂമറേറ്റര്‍മാരായും നിയോഗിക്കും. അധിക ഡ്യൂട്ടിയായിട്ടായിരിക്കും നിയമനം. സെന്‍സസ് നിയമം 1948 സെക്ഷന്‍ 11 പ്രകാരം സെന്‍സസ് ജോലിയ്ക്ക് നിയോഗിച്ചതില്‍ വീഴ്ചവരുത്തുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്ക് ആയിരം രൂപ പിഴയോ മൂന്നു വര്‍ഷത്തെ തടവോ ശിക്ഷയായി ലഭിക്കാമെന്നും ഉത്തരവിലുണ്ട്.

