വിവാദ കൈപ്പുസ്തകം: ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത

Update: 2021-09-16 04:42 GMT

കോഴിക്കോട്: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിന് പിന്നാലെ ഇസ്‌ലാം മത വിശ്വാസികള്‍ക്കെതിരേ ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളും വര്‍ഗീയ പമാര്‍ശങ്ങളുമായി കൈപ്പുസ്തകം ഇറക്കിയതില്‍ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള താമരശ്ശേരി രൂപത ഖേദം പ്രകടിപ്പിച്ചു. കൈപ്പുസ്തകം ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി രൂപത വ്യക്തമാക്കി. ഒരു വിശ്വാസത്തെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു മതത്തോടോ വിശ്വാസത്തോടോ രൂപതയ്ക്ക് വിവേചനമില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ രൂപത പറയുന്നു. ഏതെങ്കിലും മതവിഭാഗത്തോടുള്ള എതിര്‍പ്പുകൊണ്ടല്ല കൈപ്പുസ്തകം ഇറക്കിയത്. ക്രിസ്ത്യന്‍ യുവാക്കളെ വിശ്വാസത്തില്‍ നിര്‍ത്താനായിരുന്നു കൈപ്പുസ്തകം.

ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി ബോധവല്‍ക്കരണമെന്ന നിലയ്ക്കാണ് പുസ്തകം ഇറക്കിയത്. പെണ്‍കുട്ടികളെ ചൂഷണത്തില്‍നിന്ന് രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് താമരശ്ശേരി രൂപത മതബോധനകേന്ദ്രം ഡയറക്ടര്‍ ഫാ.ജോണ്‍ പള്ളിക്കവയലില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇടവകകളില്‍ വിതരണം ചെയ്യാനായി താമരശ്ശേരി രൂപതാ വിശ്വാസ പരിശീലന കേന്ദ്രം തയ്യാറാക്കിയ സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ എന്ന കൈപുസ്തകത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഇടം പിടിച്ചത്.

നാല് ഭാഗങ്ങളായുള്ള പുസ്തകത്തിന്റെ നാലാം ഭാഗത്തിലെ 31ാം ചോദ്യം പ്രണയക്കെണികള്‍ ഒരുക്കുന്നത് എങ്ങനെ എന്നാണ്. ഇതിന്റെ വിശദീകരണത്തിലാണ് ഒമ്പത് ഘട്ടങ്ങളിലായാണ് ലൗ ജിഹാദ് നടപ്പാക്കുന്നതെന്ന് വിവരിക്കുന്നത്. മതവ്യാപനം ലക്ഷ്യമാക്കി വിവിധ തരത്തിലുള്ള ജിഹാദുകള്‍, മുസ്‌ലിം തീവ്രവാദികള്‍ പ്രയോഗിക്കുന്നുണ്ടെന്നും അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ലൗ ജിഹാദാണെന്നും പറഞ്ഞാണ് വിശദീകരണം തുടങ്ങുന്നത്. അമുസ്‌ലിം പെണ്‍കുട്ടികളെയും സ്ത്രീകളെയും പ്രണയം നടിച്ച് വിവാഹം കഴിക്കുന്ന തന്ത്രമാണിത്. ഇതിനായി മുസ്‌ലിം യുവാക്കളെയും യുവതികളെയും പ്രത്യേക പരിശീലനം നല്‍കി സജ്ജമാക്കുന്നുവെന്നും വിവിധ ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കുന്നുവെന്നും പുസ്തകം പറയുന്നു.

മതവ്യാപനം ലക്ഷ്യമാക്കി തീവ്രവാദികള്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാന മാര്‍ഗമാണ് ലൗ ജിഹാദെന്ന് പ്രണയക്കുരുക്കെന്ന് പേരിട്ട നാലാം ഭാഗത്തില്‍ പറയുന്നു. മുസ്‌ലിം യുവാക്കള്‍ പെണ്‍കുട്ടികളുമായി സൗഹൃദത്തിലാവുന്നതും ആഘോഷവേളകളില്‍ വീടുകളിലേക്ക് ക്ഷണിക്കുന്നതും പ്രണയിക്കുന്നതുമെല്ലാം ലൗ ജിഹാദിന്റെ വിവിധ ഘട്ടങ്ങളായി കൈപ്പുസ്തകം പരിയചയപ്പെടത്തുന്നു.

പെണ്‍കുട്ടികളെ വശീകരിക്കാനായി മുസ്‌ലിം പുരോഹിതന്മാര്‍ ആഭിചാരം നടത്തുന്നതായി പുസ്തകം ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ മുടിയോ തൂവാലയോ മറ്റെന്തെങ്കിലും വസ്തുക്കളോയാണ് ഇതിനായി ഉപയോഗിക്കുന്നത്. മുസ്‌ലിം ആണ്‍കുട്ടികള്‍ നല്‍കുന്ന ഭക്ഷണം, സമ്മാനം, സാധാരണ സ്പര്‍ശനം പോലും വശീകരണത്തിന് കാരണമാകാമെന്നും മുന്നറിയിപ്പ് നല്‍കി. ബന്ധന പ്രാര്‍ത്ഥന വഴി ഈ വശീകരണത്തില്‍നിന്ന് രക്ഷതേടാമെന്നും കൈപ്പുസ്തകം പറയുന്നു. വിവാദ കൈപ്പുസ്തകത്തിനെതിരേ വ്യാപകവിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഖേദപ്രകടനവുമായി രൂപത രംഗത്തുവന്നിരിക്കുന്നത്.

Tags: