ക്രൈംബ്രാഞ്ച് കേസുകൾ ഏറ്റെടുക്കുമ്പോൾ ഡിജിപിയുടെ അനുമതി വാങ്ങണമെന്ന വിവാദ ഉത്തരവ് തിരുത്തും
ക്രൈംബ്രാഞ്ചിന് എല്ലാ കേസുകളും രജിസ്റ്റർ ചെയ്യാൻ ഡിജിപിയുടെ അനുമതി വേണ്ട. പ്രമാദമായ കേസുകളിൽ മാത്രം ഡിജിപിയുടെ അനുമതി മതിയെന്നും പോലിസ് വിശദീകരിച്ചു.
തിരുവനന്തപുരം: ഡിജിപിയുടെ മുൻകൂർ അനുമതിയോടെ വേണം ക്രൈംബ്രാഞ്ച് കേസുകൾ ഏറ്റെടുക്കേണ്ടതെന്ന വിവാദ ഉത്തരവ് തിരുത്താൻ തീരുമാനം. ഉത്തരവിറക്കിയപ്പോൾ സംഭവിച്ച സാങ്കേതികപ്പിഴവാണ് ഇതെന്നാണ് പോലിസ് ആസ്ഥാനത്തിന്റെ വിശദീകരണം. അതേസമയം, കോടതിയുടേയോ സർക്കാരിന്റെയോ ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ചിന് കേസ് കൈമാറുമ്പോൾ ഡിജിപിയുടെ മുൻകൂർ അനുമതി വേണമെന്ന പുതിയ നിർദേശത്തിൽ വ്യക്തമായ വിശദീകരണം ഇതുവരെ വന്നിട്ടില്ല.
ഡിജിപിയുടെ ഉത്തരവ് ക്രൈബ്രാഞ്ചിന്റെ അധികാരത്തിൽ കൈകടത്തലാണെന്ന് വലിയ ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തുമെന്ന് പോലിസ് അറിയിച്ചത്. ക്രൈംബ്രാഞ്ചിന് എല്ലാ കേസുകളും രജിസ്റ്റർ ചെയ്യാൻ ഡിജിപിയുടെ അനുമതി വേണ്ട. പ്രമാദമായ കേസുകളിൽ മാത്രം ഡിജിപിയുടെ അനുമതി മതിയെന്നും പോലിസ് വിശദീകരിച്ചു. പിഴവ് പരിഹരിച്ച് ഡിജിപിയുടെ പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കും.