കരാറുകാരന്റെ ആത്മഹത്യ: ചെറുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജിവച്ചു

മലയോരമേഖലയില്‍ കെട്ടിടനിര്‍മാണ കരാര്‍ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ചെറുപുഴ ചൂരപ്പടവിലെ മുതുപാറക്കുന്നേല്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് സുരേഷ് കുമാര്‍ അംഗമായ ട്രസ്റ്റിനെതിരേ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് രാജി.

Update: 2019-09-08 13:00 GMT

കണ്ണൂര്‍: ചെറുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ കെ സുരേഷ്‌കുമാര്‍ രാജിവച്ചു. മലയോരമേഖലയില്‍ കെട്ടിടനിര്‍മാണ കരാര്‍ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ചെറുപുഴ ചൂരപ്പടവിലെ മുതുപാറക്കുന്നേല്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് സുരേഷ് കുമാര്‍ അംഗമായ ട്രസ്റ്റിനെതിരേ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് രാജി. ധാര്‍മികമായി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് രാജിക്കത്തില്‍ സുരേഷ്‌കുമാര്‍ വ്യക്തമാക്കി. പാര്‍ട്ടിക്കെതിരെയുണ്ടായ ആരോപണത്തിന്റെ സത്യസ്ഥിതി പൊതുസമൂഹത്തിന് മുന്നില്‍ തെളിയിക്കുമെന്നും ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഈ സംഭവത്തിന്റെ പേരില്‍ പാര്‍ട്ടിക്കുണ്ടായ ക്ഷീണത്തിന് പരിഹാരം കാണുന്നതിന് ജീവനുള്ള കാലത്തോളം പ്രവര്‍ത്തിക്കുമെന്നും രാജിക്കത്തില്‍ അദ്ദേഹം പറയുന്നു.

പൊതുപ്രവര്‍ത്തനരംഗത്തും രാഷ്ട്രീയരംഗത്തും സംശുദ്ധപ്രവര്‍ത്തനത്തിന്റെ ഉടമയായ എല്ലാ രാഷ്ട്രീയകക്ഷികളും പൊതുസമൂഹവും ഒരുപോലെ ബഹുമാനിക്കുന്ന കെ കുഞ്ഞികൃഷ്ണന്‍നായര്‍ ചെയര്‍മാനായ ട്രസ്റ്റിലാണ് താന്‍ അംഗമായതെന്നും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും നന്‍മയ്ക്കും വേണ്ടിയാണ് രാജിവയ്ക്കുന്നതെന്നുമാണ് കെപിസിസി പ്രസിഡന്റിന് നല്‍കാന്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിക്ക് നല്‍കിയ രാജിക്കത്തില്‍ സുരേഷ് കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 

Tags:    

Similar News