അനധികൃത മണ്ണെടുപ്പിനെതിരേ പരാതി നല്‍കിയതിന് മര്‍ദനം: നീതി കിട്ടിയില്ല; ഡിജിപിയെ സമീപിക്കാനൊരുങ്ങി വിവരാവകാശപ്രവര്‍ത്തകന്‍

കഞ്ഞിക്കുഴി പ്ലാന്റേഷന്‍ കോര്‍പറേഷനു സമീപത്തെ ഐപിസി ചര്‍ച്ചിനു സമീപം മണ്ണെടുക്കുന്നതു സംബന്ധിച്ച് പരാതി നല്‍കുന്നതിനും മുമ്പ് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ തേടുന്നതിനുമായാണ് മഹേഷ് വിജയന്‍ നഗരസഭ ഓഫിസിലെത്തിയത്. അസിസ്റ്റന്റ് എന്‍ജിനീയറില്ലാത്തതിനാല്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതിനിടയിലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് മഹേഷ് വിജയന്‍ പരാതിയില്‍ പറയുന്നു.

Update: 2020-01-26 10:19 GMT

കോട്ടയം: അനധികൃത മണ്ണെടുപ്പിനെതിരേ പരാതിയും വിവരാവകാശ അപേക്ഷയും നല്‍കുന്നതിനായെത്തിയ വിവരാവകാശപ്രവര്‍ത്തകനെ നഗരസഭയ്ക്കുള്ളില്‍ ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ പോലിസില്‍നിന്ന് നീതി കിട്ടിയില്ലെന്ന് ആക്ഷേപം. കരാറുകാരുടെ സംഘടിത മര്‍ദനത്തിനിരയായ വിവരാവകാശപ്രവര്‍ത്തകന്‍ നട്ടാശ്ശേരി എസ്എച്ച് മൗണ്ട് ആറ്റുവായില്‍ മഹേഷ് വിജയനാണ് കോട്ടയം വെസ്റ്റ് പോലിസ് കുറ്റക്കാര്‍ക്കെതിരേ ഉചിതമായ നടപടിയെടുത്തില്ലെന്നാരോപിച്ച് ഡിജിപിയെ സമീപിക്കാനൊരുങ്ങുന്നത്. മര്‍ദനത്തിന് നേതൃത്വം നല്‍കിയ നാലുപേര്‍ക്കെതിരേ നിസാര വകുപ്പുകള്‍പ്രകാരമാണ് പോലിസ് കേസെടുത്തത്. ഇവരെ അറസ്റ്റുചെയ്‌തെങ്കിലും സ്റ്റേഷന്‍ ജാമ്യം നല്‍കി പോലിസ് വിട്ടയക്കുകയാണുണ്ടായത്.

ഫോണ്‍ തട്ടിപ്പറിച്ചെടുത്തത് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താവുന്ന കാര്യങ്ങളാണ് മൊഴിയില്‍ പരാതിക്കാരന്‍ നല്‍കിയിരുന്നത്. എന്നാല്‍, സംഭവത്തെ നിസാരമായി കണ്ട പോലിസ്, ഉന്തിനും തള്ളിനുമിടയില്‍ ഫോണ്‍ നഷ്ടമായെന്ന് വരുത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്ക് സ്വാധീനമുള്ളതിനാല്‍ കോട്ടയം ജില്ലാ പോലിസ് മേധാവിക്കും പരാതി കൊടുത്തിട്ട് പ്രയോജനമുണ്ടാവില്ലെന്നും ഉടന്‍തന്നെ ഡിജിപിക്ക് പരാതി നല്‍കുമെന്നും മഹേഷ് വിജയന്‍ തേജസ് ന്യൂസിനോട് പറഞ്ഞു. കൂടുതല്‍ പേര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും തന്റെ മൊബൈല്‍ ഫോണ്‍ ഇതുവരെ തിരികെ കിട്ടിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ബുധനാഴ്ച വൈകീട്ടോടെ കോട്ടയം നഗരസഭാ ഓഫിസിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.

കഞ്ഞിക്കുഴി പ്ലാന്റേഷന്‍ കോര്‍പറേഷനു സമീപത്തെ ഐപിസി ചര്‍ച്ചിനു സമീപം മണ്ണെടുക്കുന്നതു സംബന്ധിച്ച് പരാതി നല്‍കുന്നതിനും മുമ്പ് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ തേടുന്നതിനുമായാണ് മഹേഷ് വിജയന്‍ നഗരസഭ ഓഫിസിലെത്തിയത്. അസിസ്റ്റന്റ് എന്‍ജിനീയറില്ലാത്തതിനാല്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതിനിടയിലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് മഹേഷ് വിജയന്‍ പരാതിയില്‍ പറയുന്നു. നഗരസഭയില്‍ കരാറുകാര്‍ക്ക് പ്രത്യേക മുറി നല്‍കിയിട്ടുണ്ട്. മണ്ണെടുപ്പിന്റെ കാര്യം ഫോണില്‍ സംസാരിക്കുന്നത് ഈ മുറിയിലിരുന്ന കരാറുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ തന്നെ മുറിയിലേക്ക് വിളിപ്പിച്ച രണ്ട് കരാറുകാര്‍ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. ഇത് വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ ഫോണ്‍ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി. ഇവര്‍ അറിയിച്ചതുപ്രകാരം കൂടുതല്‍ കരാറുകാരെത്തി മര്‍ദനം തുടര്‍ന്നു. ഷര്‍ട്ട് വലിച്ചുകീറി.

എന്‍ജിനീയറിങ് സെക്ഷനിലേക്ക് ഓടിക്കയറിയെങ്കിലും അവിടെയുമെത്തി മര്‍ദിച്ചെന്ന് മഹേഷ് പറയുന്നു. തല പലതവണ ഭിത്തിയിലും കംപ്യൂട്ടര്‍ മോണിറ്ററിലും ഇടിച്ചുപരിക്കേല്‍പ്പിച്ചു. നഗരസഭയുടെ ഫ്രണ്ട് ഓഫിസിന് മുന്നില്‍വച്ചും മര്‍ദനത്തിനിരയാക്കി. സംഭവസമയത്ത് നഗരസഭയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പൊതുജനങ്ങളുമെല്ലാം ദൃക്‌സാക്ഷികളായുണ്ടായിരുന്നു. തലപൊട്ടി ചോരയൊലിച്ചുനിന്ന ഇയാളെ രക്ഷപ്പെടുത്താന്‍ ജീവനക്കാര്‍ ഇടപെട്ടില്ലെന്ന് മഹേഷ് വിജയന്‍ പറയുന്നു. സംഭവം ഉത്തരവാദപ്പെട്ടവരെ അറിയിക്കുന്നതിലും നഗരസഭ ജീവനക്കാര്‍ വീഴ്ചവരുത്തിയതായും ആക്ഷേപമുണ്ട്.

സംഭവം നടന്ന് രണ്ടുമണിക്കൂര്‍ കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ വിളിക്കുമ്പോഴാണ് നഗരസഭ അധ്യക്ഷ ഡോ.പി ആര്‍ സോന ഇക്കാര്യമറിയുന്നത്. നഗരസഭയില്‍ അപേക്ഷ നല്‍കാനെത്തിയ തന്റെ സുഹൃത്താണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. മര്‍ദനത്തില്‍ തലപൊട്ടിയത് കൂടാതെ ശരീരമാസകലം ചതവുണ്ടായിട്ടുണ്ട്. ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന് മഹേഷ് വിജയന്‍ പറയുന്നു. നഗരസഭയിലെ അനധികൃത മണ്ണെടുപ്പിനും കൈയേറ്റങ്ങള്‍ക്കുമെതിരേ പരാതികള്‍ നല്‍കുന്നതിലുള്ള വിരോധമാണ് ആക്രമണത്തിനുള്ള കാരണമെന്നും പോലിസില്‍ നല്‍കിയ പരാതിയില്‍ മഹേഷ് ചൂണ്ടിക്കാട്ടുന്നു. 

Tags:    

Similar News