കണ്ടെയ്ന്‍മെന്റ് സോണുകള്‍; നിയന്ത്രണങ്ങള്‍ ലംഘിക്കുകയോ തടസ്സപ്പെടുത്തുയോ ചെയ്താല്‍ കേസ്

Update: 2021-05-22 18:25 GMT

കോട്ടയം: കൊവിഡ് വ്യാപനം കൂടുതലുള്ള മേഖലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തടസപ്പെടുത്തുകയും നിര്‍ദേശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു. കണ്ടെയന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ചില തദ്ദേശ സ്ഥാപന മേഖലകളില്‍ റോഡുകള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണുകളുള്ളതിനാല്‍ ഗതാഗത നിയന്ത്രണം അനിവാര്യമായ എല്ലാ മേഖലകളിലും ബാരിക്കേഡുകള്‍ നേരിട്ടു സ്ഥാപിക്കാന്‍ പോലിസിന് കഴിയില്ല. അതുകൊണ്ടുതന്നെ റോഡുകള്‍ അടയ്ക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയും വേണ്ടതുണ്ട്. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി കുറയുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. ഈ സ്ഥിതി തുടരുന്നതിനും രോഗവ്യാപനം ഗണ്യമായി കുറയ്ക്കുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ഇതിന്റെ ഭാഗമായാണ് കൊവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രധാന റോഡുകള്‍ ഒഴികെയുള്ളവ അടച്ചിടുന്നത്. പോലിസ് അടയ്ക്കുന്ന റോഡുകള്‍ തുറക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കും. ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ പങ്കുചേരുമ്പോള്‍ ക്രമീകരണങ്ങളോട് സഹകരിക്കാന്‍ വിമുഖത കാണിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. സാഹചര്യത്തിന്റെ ഗൗരവമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു.

ഉദയനാപുരത്തും വെച്ചൂരിലും പ്രതിരോധം ശക്തമാക്കും

ടെസ്റ്റ് പോസിറ്റിവിറ്റി തുടര്‍ച്ചയായി ഉയര്‍ന്നു നിന്നിരുന്ന കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകള്‍ രോഗവ്യാപന തോത് കുറയ്ക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ വിജയം കണ്ടിട്ടുണ്ട്. അതേസമയം ഉദയനാപുരം, വെച്ചൂര്‍ പഞ്ചായത്തുകളില്‍ പോസിറ്റിവിറ്റി ഗണ്യമായി ഉയര്‍ന്നു നില്‍ക്കുകയാണ്. ജില്ലയില്‍ പോസിറ്റിവിറ്റി 40 ശതമാനത്തിനു മുകളിലുള്ള ഈ രണ്ടു പഞ്ചായത്തുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്ന് സമിതി വിലയിരുത്തി.

ഓക്‌സിജന്‍ ദൗര്‍ലഭ്യം ഇല്ല

ഓക്‌സിജന്‍ വാര്‍ റൂമിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കോവിഡ് ആശുപത്രികളിലും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലും ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്.

ജ്വല്ലറികള്‍ക്കും വസ്ത്രവ്യാപാരശാലകള്‍ക്കും നിബന്ധനകള്‍ പാലിച്ച് പ്രവര്‍ത്തിക്കാം

ലോക്ക് ഡൗണില്‍ പുതിയതായി ഇളവ് അനുവദിക്കപ്പെട്ട വിഭാഗങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം. ജ്വല്ലറികളും വസ്ത്ര വ്യാപാര സ്ഥാപനങ്ങളും രാവിലെ ഒന്‍പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് വ്യാപാരി പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്. അവശ്യം ജീവനക്കാരെ മാത്രം നിയോഗിച്ച് ഓണ്‍ലൈന്‍/ഹോം ഡെലിവറി വ്യാപരമാണ് നടത്തുക.

വിവാഹാവശ്യത്തിനുള്ളവര്‍ക്ക് ഒരു മണിക്കൂര്‍ വരെ കടകളില്‍ ചിലവഴിക്കാം. ഷട്ടര്‍ പകുതി തുറന്നായിരിക്കും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. വിവാഹാവശ്യത്തിനായി വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാന്‍ അത്യാവശ്യം ആളുകള്‍ മാത്രമേ പോകാവൂ. വിവാഹ ആവശ്യത്തിന് അല്ലാത്തവര്‍ യാതൊരു കാരണവശാലം നേരിട്ട് വ്യാപാര സ്ഥാപനങ്ങളില്‍ പോകരുത്. ഇവര്‍ ഓണ്‍ലൈന്‍/ഹോം ഡെലിവറി സേവനം പ്രയോജനപ്പെടുത്തണം. വ്യാപാരികള്‍ പ്രസിദ്ധപ്പെടുത്തുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് വീഡിയോ കോളിലൂടെ ഉത്പന്നങ്ങള്‍ കണ്ട് വാങ്ങാം. ഈ ക്രമീകരണങ്ങളോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണം.

കാലവര്‍ഷ ദുരന്തനിവാരണം; കൃത്യമായ ആസൂത്രണം വേണം

കൊവിഡ് സാഹചര്യത്തില്‍ കാലവര്‍ഷ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്ത് സജ്ജമാകാന്‍ വകുപ്പുകള്‍ ശ്രദ്ധിക്കണം. ദുരിതാശ്വാസ ക്യാംപുകളിലെ ക്രമീകരണം, കൊവിഡ് രോഗികള്‍ക്കു വേണ്ടി ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. അടുത്തയിടെ കനത്ത മഴ പെയ്ത ദിവസങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കാന്‍ ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് സാധിച്ചതായി സമിതി വിലയിരുത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, ജില്ലാ പോലിസ് മേധാവി ഡി ശില്‍പ, എഡിഎം ആശ സി എബ്രഹാം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: