ഡ്രൈവര്‍ ഉറക്കത്തില്‍; നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയുടെ ടയറുകള്‍ മോഷണം പോയി

ഇന്‍ഡോറില്‍നിന്ന് കൊച്ചിയിലേക്ക് പൈപ്പുകളുമായി പോവുകയായിരുന്ന എംപി-09- എച്ച്എച്ച് 7532 നമ്പര്‍ ലോറിയുടെ പിന്നിലെ ടയറുകളാണ് അഴിച്ചുകൊണ്ടുപോയത്. ദേശീയപാതയില്‍ നിര്‍ത്തി ഭക്ഷണം പാകംചെയ്ത് കഴിഞ്ഞശേഷം ലോറിയില്‍ക്കിടന്ന് ഉറങ്ങുകയായിരുന്നു ഡ്രൈവര്‍ രജ്‌വീര്‍ സിങ്.

Update: 2019-12-24 05:21 GMT

തളിപ്പറമ്പ്: ബക്കളം ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ടയറുകള്‍ മോഷണം പോയി. ബക്കളം നെല്ലിയോട് ക്ഷേത്രത്തിന് മുന്നില്‍ രാത്രി നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയുടെ ആറ് ടയറുകളാണ് രാത്രിയില്‍ മോഷ്ടിച്ചത്. ഇന്‍ഡോറില്‍നിന്ന് കൊച്ചിയിലേക്ക് പൈപ്പുകളുമായി പോവുകയായിരുന്ന എംപി-09- എച്ച്എച്ച് 7532 നമ്പര്‍ ലോറിയുടെ പിന്നിലെ ടയറുകളാണ് അഴിച്ചുകൊണ്ടുപോയത്. ദേശീയപാതയില്‍ നിര്‍ത്തി ഭക്ഷണം പാകംചെയ്ത് കഴിഞ്ഞശേഷം ലോറിയില്‍ക്കിടന്ന് ഉറങ്ങുകയായിരുന്നു ഡ്രൈവര്‍ രജ്‌വീര്‍ സിങ്. ഇയാള്‍ മാത്രമേ ലോറിയിലുണ്ടായിരുന്നുള്ളൂ. ഈ കണ്ടെയ്‌നറിന് ഒപ്പംതന്നെ ഇന്‍ഡോറില്‍നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട മറ്റൊരു ലോറിയും ദേശീയപാതയില്‍ അടുത്തടുത്തായാണ് നിര്‍ത്തിയിട്ടിരുന്നത്. പുലര്‍ച്ചെ മൂന്നിന് പിന്നില്‍ പാര്‍ക്ക് ചെയ്ത ലോറിയുടെ ഡ്രൈവര്‍ പുറപ്പെടാനായി വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് മുന്നില്‍ പാര്‍ക്ക് ചെയ്ത ലോറിയുടെ ടയര്‍ അഴിച്ചുകൊണ്ടുപോയതായി കണ്ടത്.

ഉടന്‍ രജ്‌വീര്‍ സിങ്ങിനെ വിളിച്ചുണര്‍ത്തുകയായിരുന്നു. ജാക്കിവച്ച് ഉയര്‍ത്തിയ ശേഷം പരിസരത്ത് നിര്‍മാണത്തിനായി കൊണ്ടുവന്ന കല്ലുകള്‍വച്ചാണ് ടയറുകള്‍ അഴിച്ചെടുത്തിരിക്കുന്നത്. ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന ടയറുകളാണ് മോഷണം പോയത്. രാത്രി 11 നും രണ്ടിനും ഇടയില്‍ വാഹനത്തിലെത്തിയ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് കരുതുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് രജ്‌വീര്‍ സിങ് പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. തളിപ്പറമ്പ് സിഐ സത്യനാഥിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. സമീപത്തെ സ്വകാര്യസ്ഥാപനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലിസ് അറിയിച്ചു. തളിപ്പറമ്പ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ടുവര്‍ഷം മുമ്പ് കുപ്പം പാലത്തിന് സമീപം നിര്‍ത്തിയിട്ട ക്രെയിന്‍കാബിന്റെ ടയറുകള്‍ സമാനരീതിയില്‍ മോഷണം പോയിരുന്നു.

Tags:    

Similar News