കെ എ രതീഷിന്റെ നിയമനത്തില്‍നിന്ന് പിന്‍മാറണം; മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത്

സിബിഐ നല്‍കിയ കത്ത് മുക്കിക്കളഞ്ഞ് കുറ്റാരോപിതനെ സംരക്ഷിക്കാനായി ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായ ഹീനമായ നടപടി അതീവഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഇതെക്കുറിച്ച് അന്വേഷിച്ച് ഇക്കാര്യത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

Update: 2019-08-18 07:18 GMT

തിരുവനന്തപുരം: അഴിമതിക്കേസില്‍ ഒന്നാം പ്രതിയായി സിബിഐ അന്വേഷണം നേരിടുന്ന കെ എ രതീഷിനെ കണ്‍സ്യൂമര്‍ഫെഡ് എംഡിയായി നിയമിക്കാനുള്ള കുല്‍സിതനീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കത്തയച്ചു. മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇ പി ജയരാജന്‍, എ കെ ബാലന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ക്കാണ് കത്തയച്ചിരിക്കുന്നത്.

സിബിഐ സര്‍ക്കാരിന് നല്‍കിയ കത്ത് മറച്ചുവച്ച് വിജിലന്‍സ് ക്ലിയറന്‍സ് നല്‍കിയാണ് അതിഗുരുതരമായ അഴിമതി ആരോപണത്തിന് വിധേയനായ വ്യക്തിയെ നിയമിക്കാനുള്ള നീക്കം. സിബിഐ നല്‍കിയ കത്ത് മുക്കിക്കളഞ്ഞ് കുറ്റാരോപിതനെ സംരക്ഷിക്കാനായി ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായ ഹീനമായ നടപടി അതീവഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഇതെക്കുറിച്ച് അന്വേഷിച്ച് ഇക്കാര്യത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

അതാത് കാലങ്ങളില്‍ അധികാരത്തില്‍ വരുന്നവരെ 'മാനേജ് ചെയ്യുന്നതിലെ മിടുക്കാ'ണ് ഇത്തരത്തിലുള്ള അഴിമതിക്കാരുടെ 'യോഗ്യത'. ഹൈക്കോടതി അതീവഗൗരവമുള്ളതാണെന്ന് പറഞ്ഞ് സിബിഐ അന്വേഷണത്തിന് വിട്ട കേസിലെ മുഖ്യപ്രതിയെ യാതൊരു ജാള്യതയുമില്ലാതെ കണ്‍സ്യൂമര്‍ഫെഡ് എംഡിയായി നിയമിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നേരത്തെ ഈ ഉദ്യോഗസ്ഥനെ തെറ്റായ വിജിലന്‍സ് ക്ലിയറന്‍സ് നല്‍കി 'കീഡി'ന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി ഗുരുതരമായ കൃത്യവിലോപമാണ്. ഈ നിയമനവും റദ്ദാക്കണം. ഇനിയെങ്കിലും അഴിമതിക്കാരെ സംരക്ഷിക്കുന്ന നയസമീപനം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News