മലമ്പുഴ സീറ്റിൽ പ്രതിഷേധം; പാർട്ടി വിടുമെന്ന് പഞ്ചായത്ത് അംഗങ്ങളുടെ ഭീഷണി
പുതുശേരിയിയില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെ രാവിലെ ഒമ്പതരയോടെ ഡിസിസിയിലേക്ക് മാര്‍ച്ച് നടത്താനും സാമൂഹിക മാധ്യമ കൂട്ടായ്മകളില്‍ ആഹ്വാനമുണ്ട്.
പാലക്കാട്: മലമ്പുഴ സീറ്റ് ഭാരതീയ നാഷണല്‍ ജനതാ ദളിന് നല്‍കാനുള്ള യുഡിഎഫ് നീക്കത്തില്‍ തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് മൽസരിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഭീഷണി മുഴക്കി. നാളെ രാവിലെ ഡിസിസിയിലേക്ക് മാര്‍ച്ച് നടത്താനും കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ആഹ്വാനം.
നേമത്ത് കരുത്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അഭിമാന പോരാട്ടം നടക്കുന്ന മലമ്പുഴയില്‍ വിഘടിത ജനാദളിന് സീറ്റ് നല്‍കാനുള്ള നീക്കത്തിനെതിരായ അമര്‍ഷമാണ് മറനീക്കി പുറത്തുവന്നത്. ഭാരതീയ നാഷണല്‍ ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ജോണ്‍ ജോണിന് മലമ്പുഴ കൈമാറാനുള്ള ചര്‍ച്ചകള്‍ സജീവമായതോടെയാണ് കോണ്‍ഗ്രസ് രോഷം അണപൊട്ടിയത്.
പുതുശേരിയിയില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെ രാവിലെ ഒമ്പതരയോടെ ഡിസിസിയിലേക്ക് മാര്‍ച്ച് നടത്താനും സാമൂഹിക മാധ്യമ കൂട്ടായ്മകളില്‍ ആഹ്വാനമുണ്ട്. കെപിസിസി നിര്‍വാഹക സമിതി അംഗം കുമാര സ്വാമി, ഡിസിസി സെക്രട്ടറി അനന്ദകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് പോയ മലമ്പുഴയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മൽസരത്തിന് പോലും നിൽക്കാതെ ജോണ്‍ വിഭാഗത്തെ ഒളിപ്പിച്ചു കടത്താനുള്ള ശ്രമമെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.
