വോട്ടര്‍ക്ക് പണം നല്‍കിയ യുവതി ശോഭാ സുരേന്ദ്രനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്
പാലക്കാട്: കണ്ണാടി പഞ്ചായത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തില്‍, പണം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന സിമി സജീവ് എന്ന യുവതി എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനൊപ്പമുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ശോഭാ സുരേന്ദ്രനുമൊപ്പമുള്ള ചിത്രങ്ങള്‍ ഉള്‍പ്പടെയാണ് പുറത്തുവന്നത്. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പാലക്കാട് പ്രചാരണത്തിനെത്തിയപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്നെടുത്ത ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു. നേരത്തെ വോട്ടര്‍ക്ക് പണം നല്‍കിയ വെള്ള ചുരിദാര്‍ ഇട്ട യുവതിയെ പരിചയമില്ലെന്നും അവരെ കോണ്‍ഗ്രസ് രംഗത്തിറക്കിയതാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ശോഭാ സുരേന്ദ്രന്‍ ഇറങ്ങിയ കാറിന്റെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ശോഭയെ കാണിച്ചെങ്കിലും അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നായിരുന്നു ശോഭയുടെ വാദം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വിനേഷ് സര്‍ഗയാണ് ശോഭാ സുരേന്ദ്രനും സിമി സജീവും ഒപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ പാലക്കാട് മണ്ഡലത്തില്‍ സജീവമായി പ്രചരാണ രംഗത്തുണ്ടായിരുന്ന സ്ത്രീയാണ് സിമി സജീവ് എന്ന് വിനേഷ് സര്‍ഗ പറഞ്ഞു. ഇങ്ങനെയൊരാളെ അറിയില്ലെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞതോടെയാണ് അത് തെളിയിക്കാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുത്തത്. അവര്‍ തിരുവനന്തപുരം സ്വദേശിയായ മുംബൈ മലയാളിയാണ്. അവരാണ് വയോധികയ്ക്ക് പണം നല്‍കിയത്. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എത്തിയപ്പോള്‍ സിമി ശോഭയ്ക്കാപ്പമുണ്ടായിരുന്നു. ഇന്നലെ പാലക്കാട്ടെ കലാശക്കൊട്ടിലും ഈ സ്ത്രീ ആദ്യാവസാനം മുതല്‍ ഉണ്ടായിരുന്നു. അതിന്റെ ഫോട്ടോ ഉള്‍പ്പടെ തങ്ങളുടെ കൈവശം ഉണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
