മോഫിയ കേസ്: സിഐക്ക് എതിരേ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം

സിഐക്ക് എതിരേ അന്വേഷണം നടക്കുകയാണെന്ന് ഐജി ഹർഷിത അട്ടലൂരി പറഞ്ഞു

Update: 2021-11-24 10:21 GMT

കൊച്ചി: ആലുവയിൽ ഗാർഹികപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സിഐക്ക് എതിരേ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം. ആലുവ എംഎൽഎ അൻവർ സാദത്തിന്റെയും ചാലക്കുടി എംപി ബെന്നി ബഹനാന്റെയും നേതൃത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകർ പോലിസ് സ്റ്റേഷന് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ ഉൾപ്പെടെ പരാമർശിച്ച സിഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്നും നീക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. സിഐ ഇന്നും ഡ്യൂട്ടിക്ക് എത്തിയതായി എംഎൽഎ പറഞ്ഞു.

അതേസമയം, സിഐക്ക് എതിരേ അന്വേഷണം നടക്കുകയാണെന്ന് ഐജി ഹർഷിത അട്ടലൂരി പറഞ്ഞു. ഡിവൈഎസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ച ശേഷം സിഐക്ക് എതിരേ വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്നും ഐജി പറഞ്ഞു.

മോഫിയയുടെ മരണത്തിനു പിന്നാലെ നിരവധി ആരോപണങ്ങളാണ് സിഐക്ക് എതിരേ ഉയരുന്നത്. ഗാർഹികപീഡന പരാതി അന്വേഷണം നടത്താതെ തേച്ചുമായ്ച്ചു കളഞ്ഞു, ഒരു ദിവസം മുഴുവൻ സ്റ്റേഷനിൽ നിന്നിട്ടും നീതി ലഭിച്ചില്ല തുടങ്ങിയ പരാതികളുമായി യുവതികൾ രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ അഞ്ചൽ ഉത്ര വധക്കേസിൽ ഉൾപ്പെടെ ആഭ്യന്തര അന്വേഷണം നേരിട്ട വ്യക്തിയാണ് സിഐ സുധീർ. അതിനു ശേഷമാണ് ആലുവയിലേക്ക് സ്ഥലം മാറിയെത്തിയത്.

Similar News