ശശി തരൂരിനെ എതിർത്തും പിന്തുണച്ചും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പരസ്യപ്പോരിലേക്ക്
തരൂരിന്റെ ഗൂഢാലോചനയിലാണ് കത്തെഴുത്ത് വിവാദമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.
തിരുവനന്തപുരം: ശശി തരൂരിനെ എതിർത്തും പിന്തുണച്ചും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പരസ്യപ്പോരിലേക്ക്. കോൺഗ്രസിന് സ്ഥിരം നേതൃത്വം ആവശ്യപ്പെട്ട് 23 തലമുതിർന്ന നേതാക്കൾ അധ്യക്ഷ സോണിയാഗാന്ധിക്ക് എഴുതിയ കത്ത് വിവാദത്തിന് പിന്നാലെയാണ് തരൂരിനെതിരെ ഒരു വിഭാഗം രംഗത്തുവന്നത്. തരൂരിന്റെ ഗൂഢാലോചനയിലാണ് കത്തെഴുത്ത് വിവാദമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. തുടർന്ന് ചില മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്ത് വന്നതിന് പിന്നാലെ തരൂരിനെ പിന്തുണച്ചും നേതാക്കൾ എത്തിയതോടെ ഭിന്നത രൂക്ഷമായി.
തരൂർ വിവാദം കഴിഞ്ഞതാണെന്നും അതിനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നുമായിരുന്നു രാവിലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കിയത്. എന്നാൽ നേതൃത്വത്തിൻ്റെ വിലക്ക് മറികടന്ന് നേതാക്കൾ പരസ്യ പ്രതികരണം തുടരുകയാണ്. സ്വർണക്കടത്ത്, ലൈഫ് വിഷയത്തിലടക്കം പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോവുമ്പോൾ ഇതിൽ നിന്നെല്ലാം ശ്രദ്ധ തിരിച്ച് വിടാനുള്ള ആയുധമായി മറുപക്ഷവും വിഷയം ഏറ്റെടുത്തിട്ടുണ്ട്. മുതിർന്ന നേതാക്കളെ കൂട്ട് പിടിച്ച് യുവനേതാക്കളും താഴേക്കിടയിലുള്ള പ്രവർത്തകരുമെല്ലാം തരൂർ വിഷയത്തിൽ പരസ്യ പ്രസ്താവനയുമായി എത്തിയതോടെ കെപിസിസിയും പ്രതിസന്ധിയിലായി.
കഴിഞ്ഞ ദിവസം തരൂരിനെതിരെ കെ മുരളീധരൻ എംപിയാണ് വിമർശനം തുടങ്ങിവച്ചത്. അദ്ദേഹം വിശ്വപൗരനും ഞങ്ങളെല്ലാം സാധാരണ പൗരനുമാണെന്നും ആയതിനാൽ അച്ചടക്ക നടപടി ആവശ്യപ്പെടുന്നില്ലെന്നായിരുന്നു മുരളീധരൻ പരിഹസിച്ചത്. കോൺഗ്രസിനെ നശിപ്പിക്കാൻ മോദി ശ്രമിക്കുമ്പോൾ പാർട്ടി നേതൃത്വത്തിന് പിന്തുണ നൽകുന്നതിന് പകരം മുതിർന്ന നേതാക്കളുൾപ്പെടെ കത്ത് നൽകിയത് അനവസരത്തിലാണെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനു പിന്നാലെ ശശി തരൂർ ഗസ്റ്റ് ആർട്ടിസ്റ്റാണെന്നും രാഷ്ട്രീയ പക്വത ഇല്ലാത്തയാളെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് എംപിയായ കൊടിക്കുന്നിൽ സുരേഷ് രംഗത്തെത്തി. വിശ്വപൗരനാണെങ്കിലും പാർട്ടിക്കുള്ളിൽ നിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് തരൂരിനെ പിന്തുണച്ച് കൊണ്ട് പി ടി തോമസും കെ എസ് ശബരീനാഥനും അടക്കമുള്ളവർ എത്തിയിരിക്കുന്നത്. കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ് അടക്കമുള്ളവരും ശശി തരൂരിന്റെ ഫോട്ടോയിട്ടാണ് ഇന്ന് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.
ദേശീയ തലത്തിൽ എ കെ ആന്റണിയെടുത്തിരിക്കുന്ന നിലപാടിന് ഒപ്പമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വമെന്നും അതിന്റെ പേരിൽ ശശി തരൂരിനെ ദുർബലപ്പെടുത്താനുള്ള നീക്കം നിർഭാഗ്യകരമാണെന്നും പി ടി തോമസ് ചൂണ്ടിക്കാട്ടി. തരൂരിനെ പോലുള്ള വിശ്വപൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വെച്ചായിരിക്കണമെന്നും പി ടി തോമസ് ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.
എയർപോർട്ട് വിഷയത്തിലും മറ്റും തരൂരിന് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകാമെന്നും എംപി എന്ന നിലയിൽ അത് പാർട്ടിയുമായി ചർച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാൻ മുൻകൈ എടുക്കണമെന്ന് ശബരീനാഥൻ എംഎൽഎ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങൾ നടത്തുമ്പോൾ, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും ശബരീനാഥൻ പറയുന്നു.

