ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യമാകെ അലയടിക്കുമ്പോള്‍ ഗവര്‍ണര്‍ കേന്ദ്ര സർക്കാരിനെയും പൗരത്വ ഭേദഗതി നിയമത്തെയും വെള്ളപൂശാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Update: 2019-12-22 08:10 GMT

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിലൂടെ മഹാത്മ ഗാന്ധിയും ജവഹർലാൽ നെഹ്റുവും നൽകിയ വാക്ക് പാലിക്കപ്പെട്ടെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണത്തിൽ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍.

ഭരണഘടനാപരമായി ഉന്നത പദവിയിൽ ഇരിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയുടെ വക്താവായി അധഃപതിച്ചത് നിർഭാഗ്യകരമാണെന്ന് കോൺഗ്രസ്സ് പാർലിമെന്‍ററി പാർട്ടി ഉപനേതാവ് കെ സി ജോസഫ് എംഎൽഎ പറഞ്ഞു.

ഗവര്‍ണര്‍ സ്ഥാനം പോലെയുള്ള ഉന്നത പദവിക്ക് യോജിക്കുന്ന നിലപാടല്ല ഇതെന്നും കേന്ദ്ര സർക്കാരിന്‍റെ പിആർഒയെ പോലെ ഗവർണർ പെരുമാറരുതെന്നും പൗരത്വ നിയമത്തെ ന്യായീകരിക്കുന്ന നടപടികളിൽ നിന്നും ഗവർണർ പിന്തിരിയണമെന്നും കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യമാകെ അലയടിക്കുമ്പോള്‍ ഗവര്‍ണര്‍ കേന്ദ്ര സർക്കാരിനെയും പൗരത്വ ഭേദഗതി നിയമത്തെയും വെള്ളപൂശാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Tags: