പാലക്കാട് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നു; ബിജെപിക്കെതിരേ കോണ്‍ഗ്രസ്, ദൃശ്യങ്ങള്‍ പുറത്ത്

Update: 2026-04-08 07:41 GMT

പാലക്കാട്: വോട്ടിനായി ബിജെപി പാലക്കാട് മണ്ഡലത്തില്‍ വ്യാപകമായി പണം വിതരണം ചെയ്യുന്നതായി പരാതി. കണ്ണാടി മേഖലയില്‍ ബിജെപി പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയില്‍ വൃദ്ധയായ ഒരു സ്ത്രീക്ക് എന്‍ഡിഎ പ്രവര്‍ത്തകര്‍ പണം നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

വൃദ്ധയുടെ വീടിന് സമീപം ഒരു മരണം നടന്നിരുന്നു. ഈ വീട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ എത്തിയിരുന്നു. ഇതിനു പിന്നാലെ എന്‍ഡിഎ പ്രവര്‍ത്തകയായ ഒരു സ്ത്രീയെത്തി വയോധികയ്ക്ക് പണം നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് സ്‌ക്വാഡ് വര്‍ക്ക് കഴിഞ്ഞ് മടങ്ങുമ്പോഴാണ് പണം വിതരണം ചെയ്യുന്നത് കണ്ടത്.

പണം നല്‍കുന്നത് കണ്ട് ഞങ്ങള്‍ വീട്ടിലെത്തി നോക്കി. 5000 രൂപയുണ്ടായിരുന്നു. പണം നല്‍കി വോട്ടു ചോദിക്കരുതെന്നും, അല്ലാതെ വോട്ടു ചോദിക്കുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്നും പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ ഉണ്ടായിരുന്ന കാറില്‍ നിന്നാണ് സ്ത്രീ ഇറങ്ങിപ്പോയി പണം നല്‍കിയത്.

അവിടെ നിന്നും പോയ ബിജെപി പ്രവര്‍ത്തകര്‍ പിന്നീട് തങ്ങളുടെ വാഹനം തടഞ്ഞ് മോശമായി സംസാരിച്ചു. വീഡിയോ ചിത്രീകരിച്ചവരുടെ കരണം അടിച്ചു പൊട്ടിക്കുമെന്ന് ശോഭ സുരേന്ദ്രന്‍ ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സൂചിപ്പിച്ചു.