മറ്റത്തൂരില്‍ വീണ്ടും കോണ്‍ഗ്രസ് - ബിജെപി കൂട്ടുകെട്ട്; വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ബിജെപി
തൃശ്ശൂര്‍: മറ്റത്തൂരില്‍ വീണ്ടും കോണ്‍ഗ്രസ് - ബിജെപി സഖ്യം. മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ച മിനിമോള്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് - 10, യുഡിഎഫ് - 8, എന്‍ ഡി എ - 4, വിമതര്‍ - 2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഒരു വിമതന്‍ എല്‍ഡിഎഫിനെ പിന്തുണച്ചു. ബിജെപിയും മിനിമോളെ പിന്തുണച്ചതോടെ എല്‍ഡിഎഫിനും കോണ്‍ഗ്രസിനും വോട്ട് നില 11-11 എന്ന നിലയിലായി. തുടര്‍ന്ന് നറുക്കെടുപ്പിലാണ് വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
നേരത്തെ മറ്റത്തൂരില്‍ പഞ്ചായത്തില്‍ ബിജെപിയുടെ വോട്ട് നേടി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശത്തിനെ തുടര്‍ന്ന് സ്ഥാനം രാജിവെച്ചിരുന്നു. 24 അംഗങ്ങളുള്ള മറ്റത്തൂരില്‍ ഏറ്റവും വലിയ ഒറ്റകക്ഷി എല്‍ഡിഎഫാണ്, 11 സീറ്റ്. പത്ത് സീറ്റാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളും ഉണ്ടായിരുന്നു. രണ്ട് സ്വതന്ത്രരും വിജയിച്ചു. ഇവര്‍ രണ്ട് പേരും കോണ്‍ഗ്രസ് വിമതരായിരുന്നു.
