കള്ളവോട്ടു ചെയ്യാന്‍ വിരലിലെ മഷി മായ്ക്കുന്ന രാസപദാര്‍ഥം വ്യാപകമായി വിതരണം ചെയ്യുന്നുവെന്ന് രമേശ് ചെന്നിത്തല

ജനവിധി അട്ടിമറിക്കാന്‍ ആസൂത്രിതമായ ഗൂഢാലോചനയാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരേ പേരില്‍ നാലും അഞ്ചും കാര്‍ഡുകള്‍ വരെ മിക്ക മണ്ഡലങ്ങളിലും കണ്ടെത്താനായിട്ടുണ്ട്. പലരുടെയും പേരുകള്‍ അടുത്ത മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയിലും ചേര്‍ത്തിട്ടുണ്ട്. വ്യാപക കള്ളവോട്ടിനാണ് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയിരിക്കുന്നത്

Update: 2021-03-26 14:16 GMT

കൊച്ചി: തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ വിരലിലെ മഷി മായ്ക്കുന്ന രാസപദാര്‍ഥം വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന ആരോപണവമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എറണാകുളം പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇരട്ട വോട്ട് വിഷയത്തില്‍ ഹൈക്കോടതി ഇടപെടലിനായി ഹരജി നല്‍കിയതിനു പിന്നാലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ യുഡിഎഫ് സമീപിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ജനവിധി അട്ടിമറിക്കാന്‍ ആസൂത്രിതമായ ഗൂഢാലോചനയാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരേ പേരില്‍ നാലും അഞ്ചും കാര്‍ഡുകള്‍ വരെ മിക്ക മണ്ഡലങ്ങളിലും കണ്ടെത്താനായിട്ടുണ്ട്.

പലരുടെയും പേരുകള്‍ അടുത്ത മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയിലും ചേര്‍ത്തിട്ടുണ്ട്. വ്യാപക കള്ളവോട്ടിനാണ് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ആധാരം വോട്ടര്‍ പട്ടികയാണ്. വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരവും ഐപിസി പ്രകാരവും കുറ്റകരമാണ്. വ്യാജ വോട്ട് ചേര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം. കള്ളവോട്ട് ചെയ്യുന്നവര്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകണം. ഇക്കാര്യത്തില്‍ തന്റെ പരാതിയില്‍ കഴമ്പുണ്ടെന്നു പ്രാഥമിക പരിശോധനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യമായിട്ടുണ്ട്. ഒരാള്‍ ഒരു വോട്ട് മാത്രം ചെയ്താല്‍ കേരളത്തിലെ 110 മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിക്കുമെന്ന് ഉറപ്പാണ്. വ്യാജ വോട്ട് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. ക്രമക്കേടിനെക്കുറിച്ച് യുഡിഎഫ് എംപിമാരും കമ്മീഷന് പരാതി നല്‍കും.

ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി കരാര്‍ ഉണ്ടാക്കിയത് ആദ്യം നിഷേധിച്ച മുഖ്യമന്ത്രി പിന്നീട് ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. എല്ലാം മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞുതന്നെയാണെന്നു വ്യക്തമാക്കുന്ന വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസിന് പങ്കുണ്ടെന്നാണ് പറയുന്നത്. നട്ടാല്‍ കിളിര്‍ക്കാത്ത നുണയാണ് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്. തന്റെ ഓഫീസിന് പങ്കുണ്ടെങ്കില്‍ സ്വതന്ത്രമായ ജൂഡീഷ്യല്‍ അന്വേഷണത്തിന് പിണറായി വിജയനെ വെല്ലുവിളിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണമുണ്ടായാല്‍ മുഖ്യ പ്രതിസ്ഥാനത്ത് പിണറായി വിജയനും മേഴ്സിക്കുട്ടിയമ്മയും ആയിരിക്കുമെന്ന് ഉറപ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ സിപിഎം പണക്കൊഴുപ്പാണ് പ്രകടമാകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എവിടെനിന്നാണ് ഇത്രയധികം പണം സിപിഎം ഒഴുക്കുന്നതെന്നതെന്ന് വ്യക്തമാക്കണം.ശബരിമല വിഷയത്തില്‍ കോടാനുകോടി വിശ്വസികളെ മുറിവേല്‍പിച്ച മുഖ്യമന്ത്രിയാണ് പ്രധാന പ്രതി. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് 50 കോടി ചെലവഴിച്ച് വനിതാ മതില്‍ കെട്ടി മുഖ്യമന്ത്രി നവോത്ഥാന നായകനാകാന്‍ ശ്രമിച്ചു. വേഷം കെട്ടിയാടുന്ന പരിപാടി നിര്‍ത്താന്‍ ഇനിയെങ്കിലും തയാറാകണം. യുവതീപ്രവേശനത്തിന് അനുകൂലമായി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കുമോയെന്ന് വ്യക്തമാക്കണം. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പ് പറഞ്ഞത് തെറ്റ് ചെയ്തിട്ടല്ലേയെന്നും രമേശ് ചെന്നിത്തലയ ചോദിച്ചു.പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി ശശികാന്ത് എന്നിവരും മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു.

Tags: