തലസ്ഥാന നഗരിയില്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍

കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓട്ടോ ടാക്സി എന്നിവയ്ക്ക് സര്‍വീസ് നടത്താം. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ യാത്രാ നിരോധനം ഉണ്ടാകും.

Update: 2020-07-13 03:00 GMT

തിരുവനന്തപുരം: കോര്‍പറേഷനില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി തുടരുമെങ്കിലും ഇളവുകള്‍ ഏര്‍പ്പെടുത്തി സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി. നഗരസഭ പരിധിയിലെ പാല്‍, പലചരക്ക് കടകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് രാവിലെ ഏഴ് മണി മുതല്‍ 12 മണി വരെയും വൈകിട്ട് നാല് മണി മുതല്‍ ആറ് മണി വരെയും തുറന്ന് പ്രവര്‍ത്തിക്കാം. ഇതിനിടയിലുള്ള സമയങ്ങളില്‍ സ്റ്റോക്ക് സ്വീകരിക്കാന്‍ മാത്രം കടകള്‍ തുറക്കാം. മെഡിക്കല്‍ സ്റ്റോറുകളും തുറക്കും. സാധനങ്ങളുടെ ഡോര്‍ ഡെലിവറി അനുവദിക്കില്ല. അതേസമയം മരുന്ന്, ജനകീയ ഹോട്ടലിലെ ഭക്ഷണം എന്നിവ ഡോര്‍ ഡെലിവറി നടത്താം.കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓട്ടോ ടാക്സി എന്നിവയ്ക്ക് സര്‍വീസ് നടത്താം. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ യാത്രാ നിരോധനം ഉണ്ടാകും. ബാങ്കുകള്‍ക്ക് അമ്പത് ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം.സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫിസ്, ആരോഗ്യം, ആഭ്യന്തരം, ദുരന്തനിവാരണം, തദ്ദേശ സ്വയംഭരണം, നോര്‍ക്ക എന്നി വകുപ്പുകള്‍ 50 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കും. മറ്റ് വകുപ്പുകളില്‍ അത്യാവശ്യ ജോലികള്‍ക്കായി 30 ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാനും അനുമതി ഉണ്ട്. സര്‍ക്കാര്‍ പ്രസുകളും പ്രവര്‍ത്തിക്കും.എയര്‍പോര്‍ട്ട്, റെയില്‍വേ, പോസ്റ്റ് ഓഫിസുകള്‍, ആവശ്യ സര്‍വീസുകള്‍ എന്നിവയ്ക്കും അനുമതി ഉണ്ട്. വില്ലേജ്, താലൂക്ക് ഓഫിസുകള്‍, ജല, വൈദ്യുതി വകുപ്പുകള്‍ എന്നിവയും പ്രവര്‍ത്തിക്കും. മറ്റ് സ്വകാര്യ-പൊതു ഓഫിസുകള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടരണം. ഹൈവേ, പാലം, റോഡ് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ട്. ടെക്‌നോപാര്‍ക്കിലെ ഐ.ടി വിഭാഗത്തിന് അവശ്യ ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം.അതേ സമയം ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായ പൂന്തുറ, പുത്തന്‍പള്ളി, മാണിക്യ വിളാകം, ബഫര്‍ സോണുകളായ വലിയതുറ, മുട്ടത്തറ, വള്ളക്കടവ്, ബീമാപ്പളളി, ബീമാപ്പള്ളി ഈസ്റ്റ് എന്നിവയ്ക്ക് പുതിയ ഇളവുകള്‍ ബാധകമല്ല. ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. എന്നാല്‍ ഇവിടങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ പ്രവര്‍ത്തിക്കും. വൈകിട്ട് ഏഴ് മണി മുതല്‍ രാവിലെ അഞ്ച് മണി വരെ ഈ പ്രദേശങ്ങളില്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. അനാവശ്യമായി ആരും വീടുകള്‍ വിട്ട് പുറത്ത് ഇറങ്ങരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

Tags:    

Similar News