തീരദേശ സോണുകളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി; കടകള്‍ക്ക് രാവിലെ ഏഴുമുതല്‍ വൈകീട്ട് മൂന്നുവരെ പ്രവര്‍ത്തിക്കാം

സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ക്കും ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാനാവും.

Update: 2020-08-12 06:31 GMT

തിരുവനന്തപുരം: ജില്ലയിലെ മൂന്ന് തീരദേശ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും ഇളവുകള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. അവശ്യഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും രാവിലെ ഏഴുമുതല്‍ വൈകീട്ട് മൂന്നുവരെ പ്രവര്‍ത്തിക്കാം. സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ക്കും ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാനാവും.

രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്നുവരെ പെട്രോള്‍ പമ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം, നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ ആലുംമൂട്, അതിയന്നൂര്‍ ഗ്രാമപ്പഞ്ചായത്തിലെ വെണ്‍പകല്‍, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ ഓഫിസ് വാര്‍ഡ്, ഇലകമണ്‍ ഗ്രാമപ്പഞ്ചായത്തിലെ കിഴക്കേപ്പുറം, മണമ്പൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കണ്ണങ്കര, പൂവത്തുമൂല, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തോക്കാട്, മാറനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മേലറിയോട് എന്നീ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രതപുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക് ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

Tags: