ഇളവുകള്‍ സഹായിക്കുന്നില്ല; പ്രതീക്ഷ നഷ്ടപ്പെട്ട് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍

ലോക്ക് ഡൗണിലെ പ്രതിസന്ധിക്കു ശേഷം ഓടാന്‍ ടാക്‌സികള്‍ക്ക് അനുമതി ലഭിച്ചെങ്കിലും ഓട്ടം കിട്ടുന്നില്ല. യാത്രക്കാര്‍ ഇല്ലാതെ വാഹനങ്ങള്‍ സ്റ്റാൻ്റിൽ വെറുതെയിടേണ്ട അവസ്ഥയിലാണ് ഡ്രൈവര്‍മാര്‍.

Update: 2020-05-20 08:15 GMT

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയെങ്കിലും പ്രതീക്ഷ നഷ്ടപ്പെട്ട് സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍. ലോക്ക് ഡൗണിലെ പ്രതിസന്ധിക്കു ശേഷം ഓടാന്‍ ടാക്‌സികള്‍ക്ക് അനുമതി ലഭിച്ചെങ്കിലും ഓട്ടം കിട്ടുന്നില്ല. ലോക്ക് ഡൗണ്‍ ഇളവ് പ്രയോജനപ്പെടുന്നില്ല. യാത്രക്കാര്‍ ഇല്ലാതെ വാഹനങ്ങള്‍ സ്റ്റാൻ്റില്‍ വെറുതെയിടേണ്ട അവസ്ഥയിലാണ് ഡ്രൈവര്‍മാര്‍.

രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇളവ് ലഭിച്ചതോടെ രാവിലെ തന്നെ വണ്ടിയുമായി ഡ്രൈവര്‍മാര്‍ സ്റ്റാൻ്റുകളിലെത്തി. എന്നാല്‍ യാത്രക്കാര്‍ നന്നേ കുറവായിരുന്നു. ഇന്ന് മുതല്‍ ബസ് സര്‍വീസ് ആരംഭിച്ചതോടെ കൂടുതല്‍ ഓട്ടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഓട്ടോ ഡ്രൈവര്‍മാര്‍.

ലോക്ക് ഡൗണിനെ തുടര്‍ന്ന് പല ഓട്ടോറിക്ഷകളുടെയും ടെസ്റ്റ് ഉള്‍പ്പടെയുള്ളവ മുടങ്ങി. ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ ജൂണ്‍ 30 വരെ സമയം സര്‍ക്കാര്‍ നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും അതിനുള്ളില്‍ ചെയ്യാന്‍ പലരുടെയും കൈയില്‍ പണമില്ല. ഈ സാഹചര്യത്തില്‍ സമയം നീട്ടി നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്. അതിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ സഹായം നിരവധി പേര്‍ക്ക് ലഭിച്ചില്ലെന്നും ഇവര്‍ പറയുന്നു.

ഡ്രൈവര്‍ക്ക് പുറമെ ഒരു യാത്രക്കാരന് മാത്രമെ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാന്‍ അനുമതിയുള്ളു. കുടുംബമാണെങ്കില്‍ ഇളവ് ലഭിക്കും. ടാക്സികളിൽ മുന്‍സീറ്റില്‍ ഡ്രൈവര്‍ മാത്രം. പിന്നില്‍ രണ്ടുപേർ. കുടുംബമാണെങ്കില്‍ മൂന്നു പേര്‍. ഈ നിബന്ധനകളോടെയാണ് ടാക്‌സികളെ ഓടാന്‍ അനുവദിച്ചിരിക്കുന്നത്. 55 ദിവസത്തെ ഇടവേളക്ക് ശേഷം ഓടാനിറങ്ങിയ ഡ്രൈവര്‍മാര്‍ക്ക് പക്ഷേ നിരാശ മാത്രമാണ് ഫലം. ലോക്ക് ഡൗണ്‍ കാലത്ത് കടം വാങ്ങിയവരാണ് ഏറെയും. ഓടാതെ കിടന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കും കടം വാങ്ങേണ്ടി വന്നു. ടാക്‌സിയോടിച്ച് കടം വീട്ടാനോ കുടുംബം പുലര്‍ത്താനോ ഇനി കഴിയില്ലെന്ന ആശങ്കയാണ് ഇവര്‍ പങ്കുവയ്ക്കുന്നത്.

Tags: