ഗുണനിലവാരം പരിശോധിക്കണമെന്ന് വിദഗ്ധസമിതി; പിപിഇ കിറ്റുകളുടെ കാര്യത്തിൽ ആശങ്ക

സംസ്ഥാനത്തിതുവരെ 46 ആരോഗ്യപ്രവർത്തകർക്കാണ് രോഗം പിടിപെട്ടത്. ഇതിൽ പലരും ആശുപത്രികളുമായും രോഗികളുമായും നേരിട്ട് ബന്ധപ്പെട്ട് ജോലി ചെയ്തവരാണ്.

Update: 2020-06-13 10:00 GMT

തിരുവനന്തപുരം: സംസ്ഥാനം വാങ്ങിയ പിപിഇ കിറ്റുകളുടെ ഗുണനിലവാരം അടിയന്തരമായി പരിശോധിക്കണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി നിർദ്ദേശിച്ചു. കൊവിഡ് രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം കൂടിയതോടെയാണ് വിദഗ്ധസമിതി നിർദേശം മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചത്. ആശുപത്രികളിലെ അണുബാധാനിയന്ത്രണ സംവിധാനം കാര്യക്ഷമമാക്കണമെന്നും നിർദേശമുണ്ട്. അതേസമയം ഗുണനിലവാരം ഉറപ്പാക്കിയാണ് കിറ്റുകൾ വാങ്ങുന്നതെന്നാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ വിശദീകരണം.

സംസ്ഥാനത്തിതുവരെ 46 ആരോഗ്യപ്രവർത്തകർക്കാണ് രോഗം പിടിപെട്ടത്. ഇതിൽ പലരും ആശുപത്രികളുമായും രോഗികളുമായും നേരിട്ട് ബന്ധപ്പെട്ട് ജോലി ചെയ്തവർ. പ്രവാസികളെ നാട്ടിലെത്തിക്കാൻ പോയ വിമാനങ്ങളിലെ പൈലറ്റിനടക്കം എട്ട് പേർക്കും രോഗം പിടിപെട്ടു. വ്യക്തിഗതസുരക്ഷാ ഉപകരണങ്ങൾ അഥവാ പിപിഇ കിറ്റുകൾ ഉപയോഗിച്ചിട്ടും ഇവർക്കെല്ലാം എങ്ങനെ രോഗം പിടിപെട്ടു എന്നതാണ് ആശങ്ക ഉയർത്തുന്നത്. ഇതോടെയാണ് വൈറസ് പ്രതിരോധ മാർഗമായി ഉപയോഗിക്കുന്ന പിപിഇ കിറ്റുകളുടെ ഗുണനിലവാരത്തെക്കുറിച്ച് സംശയമുയർന്നത്. ഇപ്പോഴുള്ള പിപിഇ കിറ്റുകൾക്ക് ഗുണവിലവാരക്കുറവുണ്ടാകാമെന്നാണ് വിലയിരുത്തൽ. ഇക്കാര്യം ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തണമെന്നാണ് വിദഗ്ധ സമിതിയുടെ നിർദേശം.

പ്രവാസികളെ കൊണ്ടുവന്ന എയർ ഇന്ത്യയും പിപിഇ കിറ്റുകളെക്കുറിച്ചുള്ള ആശങ്ക സർക്കാരിനെ അറിയിച്ചിരുന്നു. ഗ്ലൗസ്, കാലുറ, മാസ്‌ക്, ഗോഗിൾ അടക്കം സാധനങ്ങൾ ഉൾക്കൊള്ളുന്ന പിപിഇ കിറ്റുകളിൽ ഏതെങ്കിലും ഒരു വസ്തുവിന് ഗുണനിലവാരമില്ലെങ്കിൽ വൈറസ് ബാധ ഏൽക്കാം. കീറിപ്പോകുന്ന ഗ്ലൗസും പൊട്ടിപ്പോകുന്ന ഗോഗിൾസും കീറിയ ഗൗണും പലപ്പോഴും കിട്ടിയിട്ടുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നത്. ഇന്ത്യയിലേയും ചൈനയിലേയും 9 കമ്പനികളിൽ നിന്നാണ് കേരളം പിപിഇ കിറ്റുകൾ വാങ്ങുന്നത്. സിട്ര, ഡിആർഡി സർട്ടിഫിക്കറ്റുകൾ ഉള്ള പിപിഇ കിറ്റുകളാണ് കേരളം വാങ്ങുന്നതെന്നാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വിശദീകരിക്കുന്നത്. ഇതു കൂടാതെ ഡ്രഗ് കൺട്രോളർ അടങ്ങുന്ന ഒരു വിദഗ്ധ സമിതി ഇവ വീണ്ടും റാൻഡം പരിശോധന നടത്തുന്നുണ്ടെന്നും വിശദീകരിക്കുന്നു. അതേസമയം വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ വളരെ കൃത്യതയോടെ ധരിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ പരിശീലനം നൽകണമെന്നാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിർദേശിക്കുന്നത്.

Tags: