ഏലം കര്‍ഷകരില്‍നിന്ന് നിര്‍ബന്ധിത പണപ്പിരിവ്; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2021-08-19 12:14 GMT

ഇടുക്കി: ഏലം കര്‍ഷകരില്‍നിന്ന് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയ ഉദ്യോഗസ്ഥരെ വനംവകുപ്പ് സസ്‌പെന്റ് ചെയ്തു. കോട്ടയം റേഞ്ചിലെ കുമിളി പുളിയന്‍മല സെക്ഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ചെറിയാന്‍ വി ചെറിയാന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എ രാജു എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തത്. വനംമന്ത്രി എ കെ ശശീന്ദ്രനാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഓണത്തോടനുബന്ധിച്ച് ഏലം കര്‍ഷകരില്‍നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനധികൃതമായി പിരിവ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈറേഞ്ച് മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ വനംമന്ത്രി എ കെ ശശീന്ദ്രന്‍ ചുമതലപ്പെടുത്തിരുന്നു. ഇദ്ദേഹം നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്. സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും തെറ്റുചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പണപ്പിരിവുമായി ബന്ധപ്പെട്ട് മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags:    

Similar News