തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെടുത്ത സംഭവം: സമഗ്രാന്വേഷണം വേണമെന്ന് എസ്ഡിപിഐ

Update: 2021-04-26 15:36 GMT

തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കോടിക്കണക്കിന് രൂപയുടെ ഹവാല പണം തട്ടിയെടുത്തെന്ന പരാതിയില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. സംഭവത്തില്‍ ഇഡിയ്ക്കു ലഭിച്ച പരാതിയില്‍ അന്വേഷണം ഭയപ്പെട്ട് കോടികളുടെ പണമിടപാടിനെ 25 ലക്ഷമാക്കി ലഘൂകരിക്കാനും ചില വ്യാജ പ്രതികളെ സൃഷ്ടിച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനുമുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. പണം തിരഞ്ഞെടുപ്പ് ആവശ്യത്തിനായി കര്‍ണാടകയില്‍ നിന്നു കൊണ്ടുവന്നതാണെന്നും കാറില്‍ മൂന്നരക്കോടി രൂപയുണ്ടായിരുന്നുവെന്നും ബിജെപിയുടെ ജില്ലാ നേതാക്കള്‍ തന്നെയാണ് അപകടമുണ്ടാക്കി പണം തട്ടിയെടുത്തതിനു പിന്നിലെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വിവരം.

അതേസമയം കൊള്ളയടിച്ച യഥാര്‍ഥ തുക 10 കോടി രൂപയാണെന്നും 3.5 കോടി രൂപ എറണാകുളം ജില്ലയ്ക്കുള്ളതാണെന്നും സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാവ് ഇഡിയ്ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോടി കണക്കിന് രൂപ ഹവാല ഇടപാടില്‍ സംസ്ഥാനത്തേക്ക് ഒഴുകിയെന്ന ഗൗരവതരമായ വാര്‍ത്തയെ തമസ്‌ക്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. സമഗ്രാന്വേഷണത്തിലൂടെ സംഭവത്തിലെ യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഓണ്‍ലൈന്‍ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, കെ എസ് ഷാന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ഉസ്മാന്‍, ഇ എസ് കാജാ ഹുസൈന്‍, പി പി മൊയ്തീന്‍ കുഞ്ഞ് സംസാരിച്ചു.

Tags: