കോഴിക്കോട്ട് സമരം ചെയ്യുന്ന നഴ്‌സുമാരെ മാനേജ്‌മെന്റ് പൂട്ടിയിട്ടെന്ന് പരാതി
കോഴിക്കോട്: ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരംചെയ്യുന്നനഴ്‌സുമാരെ മാനേജ്‌മെന്റ് മുറിയില്‍ പൂട്ടിയിട്ടതായി പരാതി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ നേഴ്‌സുമാരെയാണ് അധികൃതര്‍ മുറിയില്‍ പൂട്ടിയിട്ടത്. തുടര്‍ന്ന് നേഴ്‌സുമാരുടെ സംഘടനാ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നിലെത്തി പ്രതിഷേധിച്ചു.
തിങ്കളാഴ്ച രാവിലെയാണ് സമരംചെയ്യുന്ന 25-ഓളം നഴ്‌സുമാരെ ക്ലാസില്‍ പങ്കെടുക്കണം എന്നുപറഞ്ഞ് അധികൃതര്‍ മുറിയിലേക്ക് വിളിച്ചത്. മുറിയിലെത്തിയ നഴ്‌സുമാരെ ജോലിചെയ്യാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചതായും ആശുപത്രിയിലെ നേഴ്‌സുമാരുടെ സംഘടനാ പ്രസിഡന്റ് മുനീര്‍ ചൂണ്ടിക്കാട്ടുന്നു.
പുതുതായി ജോലിക്ക് കയറിയ നഴ്‌സുമാരെയാണ് അധികൃതര്‍ ക്ലാസ് ഉണ്ടെന്നും പറഞ്ഞ് വിളിച്ചുവരുത്തുകയും പൂട്ടിയിടുകയും ചെയ്തത്. ഇതറിഞ്ഞ് കോഴിക്കോട് സിവില്‍ സ്റ്റേഷന് മുന്‍പില്‍ സമരംചെയ്യുകയായി സംഘടനാ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നിലേക്ക് എത്തുകയും പ്രതിഷേധിക്കുകയും ചെയ്തു.
സമരം സംബന്ധിച്ച് നേരത്തെ നോട്ടിസ് നല്‍കിയതാണ്. എന്നാല്‍, വീട്ടുകാരെ അടക്കം വിളിച്ച് ഭീഷണിപ്പെടുത്തുകയാണ് മാനേജ്‌മെന്റ് ചെയ്തതെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ തിങ്കളാഴ്ച സമ്പൂര്‍ണ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗങ്ങള്‍ അടക്കം പ്രവര്‍ത്തിക്കുന്നില്ല.
