വില കൂടിയിട്ടും ബാറ്ററികളിലെ ഉപയോഗദൈര്‍ഘ്യം കുറഞ്ഞതായി പരാതി

Update: 2021-06-18 14:59 GMT

മാള(തൃശൂര്‍): ബാറ്ററികളുടെ ഉപയോഗ ദൈര്‍ഘ്യം അഞ്ചുമാസം പോലും നില്‍ക്കുന്നില്ലെന്ന് പരാതി. ക്ലോക്കുകളിലും റിമോട്ടുകളിലും മറ്റും ഉപയോഗിക്കുന്ന ഡബിള്‍ എ, ത്രിബിള്‍ എ ബാറ്ററികളാണ് അഞ്ച് മാസം പോലും ഉപയോഗിക്കാനാവാത്തത്. മുന്‍കാലങ്ങളില്‍ ഒരു വര്‍ഷത്തിലധികം ഉപയോഗിക്കാമായിരുന്ന സ്ഥാനത്താണിത്. ബാറ്ററികളില്‍ ലോങ് ലൈഫ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നേരത്തേ 10 രൂപയുണ്ടായിരുന്ന ബാറ്ററിക്ക് ഇപ്പോള്‍ 15 രൂപയാണ്. വില 50 ശതമാനം കൂടിയപ്പോള്‍ ഗുണമേന്‍മ കുത്തനെ കുറഞ്ഞിരിക്കയാണ്. കുട്ടികള്‍ കളിക്കുന്ന വൈദ്യുതീകൃത കളിപ്പാട്ടങ്ങളില്‍ ഇത്തരം ബാറ്ററികള്‍ ഉപയോഗിക്കുമ്പോഴും നിസ്സാരസമയം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത് കുറഞ്ഞ വരുമാനക്കാരാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജോലിയും കൂലിയുമില്ലാതെ വീട്ടിലിരിക്കുന്നവര്‍ക്ക് മറ്റ് കാര്യങ്ങള്‍ക്കിടയില്‍ ഇത്തരം ആവശ്യങ്ങള്‍ക്കും വലിയ തോതിലുള്ള പണച്ചെലവ് കുറച്ചൊന്നുമല്ല ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കുള്ള അനിയന്ത്രിതമായ വിലക്കയറ്റത്തിനിടയിലാണ് ക്ലോക്കുകളും ടൈംപീസുകളും റിമോട്ടും കളിക്കോപ്പുകളടക്കമുള്ളവയും പ്രവര്‍ത്തിപ്പിക്കുന്നതിന് നല്ലൊരു തുക ചെലവഴിക്കേണ്ടി വരുന്നത്.

Complaints that the battery life is short



Tags: