ആര്‍എസ്എസ്സിന് വിടുപണി ചെയ്യുന്ന എഎസ്‌ഐയും പരാതി ഉയര്‍ന്നപ്പോള്‍ മനോരോഗി..!

മാനന്തവാടി തിരുനെല്ലി സ്റ്റേഷനിലെ അഡീഷനല്‍ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിനെതിരേ സാമൂഹികപ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര ഡിജിപിക്കും മാനന്തവാടി ഡിവൈഎസ്പിക്കുമടക്കം നല്‍കിയ പരാതികളാണ് പൂഴ്ത്തിയത്.

Update: 2021-03-04 05:19 GMT

പി സി അബ്ദുല്ല

കല്‍പ്പറ്റ: ഓദ്യോഗിക വേഷത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് വിദ്വേഷം പ്രചരിപ്പിക്കുകയും ലൈംഗികാധിക്ഷേപം നടത്തുകയും ചെയ്യുന്ന എഎസ്‌ഐക്കെതിരേ തെളിവുസഹിതം പരാതി ലഭിച്ചിട്ടും നടപടിയില്ല. മാനന്തവാടി തിരുനെല്ലി സ്റ്റേഷനിലെ അഡീഷനല്‍ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിനെതിരേ സാമൂഹികപ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര ഡിജിപിക്കും മാനന്തവാടി ഡിവൈഎസ്പിക്കുമടക്കം നല്‍കിയ പരാതികളാണ് പൂഴ്ത്തിയത്. അതേസമയം, അനില്‍കുമാര്‍ മാനസികപ്രശ്‌നങ്ങളുള്ളയാളാണെന്നാണ് പോലിസിന്റെ വിശദീകരണം. അയാള്‍ ഇപ്പോള്‍ ലീവിലാണെന്നും തിരുനെല്ലി സിഐ രാജന്‍ തേജസ് ന്യൂസിനോട് പറഞ്ഞു.

എന്നാല്‍, ഔദ്യോഗിക രേഖകള്‍ പ്രകാരം അനില്‍കുമാര്‍ ഇപ്പോഴും തിരുനെല്ലി എഎസ്‌ഐയാണ്. അയാള്‍ മുടക്കമില്ലാതെ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നുമുണ്ട്. തിരുനെല്ലി പോലിസ് സ്റ്റേഷനിലെ pc1418 നമ്പര്‍ ഉദ്യോഗസ്ഥനായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനില്‍കുമാര്‍ സംഘപരിവാര്‍ വിരുദ്ധ പോസ്റ്റുകള്‍ക്ക് താഴെ പതിവായി ലൈംഗികപ്രയോഗങ്ങളും തെറിവിളികളും വ്യക്തിയധിക്ഷേപങ്ങളും നടത്തുന്നതായാണ് ശ്രീജ നെയ്യാറ്റിന്‍കരയുടെ പരാതി. കഴിഞ്ഞദിവസം അവര്‍ ഇട്ട ഒരു പോസ്റ്റില്‍ 'നീ വരുന്നോ തിരുനെല്ലിക്ക്' എന്നായിരുന്നു ചോദ്യം.

കടുത്ത ആര്‍എസ്എസ് പ്രചാരകനും ഇതര മതവിദ്വേഷിയുമാണ് ഈ പോലിസ് ഉദ്യോഗസ്ഥനെന്ന് തെളിയിക്കുന്നതാണ് പല പരാമര്‍ശങ്ങളും. ഇതുസംബന്ധിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് ശ്രീജ ആഭ്യന്തരമന്ത്രി, ഡിജിപി, വയനാട് എസ്പി, മാനന്തവാടി ഡിവൈഎസ്പി, തിരുനെല്ലി പോലിസ് സ്‌റ്റേഷന്‍ മേധാവി എന്നിവര്‍ക്ക് ഇന്നലെ വൈകീട്ട് പരാതി നല്‍കിയത്. അനില്‍കുമാറിനെതിരേ നടപടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ശ്രീജ പറഞ്ഞു.

നീതി തേടി തിരുനെല്ലി പോലിസ് സ്‌റ്റേഷന്റെ പടിക്കല്‍ സമരമാരംഭിക്കും. ഫേസ്ബുക്ക് കമന്റ് ബോക്‌സിലേക്ക് സ്ഥിരമായി വ്യക്തിയധിക്ഷേപങ്ങളും ലൈംഗിക ചുവയുള്ള ദ്വയാര്‍ഥപ്രയോഗങ്ങളുമാണ് അനില്‍കുമാര്‍ എന്ന ഐഡിയില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നത്. നിയമം സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള പോലിസ് ഉദ്യോഗസ്ഥന്‍തന്നെ സാമൂഹികമാധ്യമങ്ങളില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് വെര്‍ബല്‍ റേപ്പും ഭീഷണിയും നടത്തുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. പോലിസ് ഡിപ്പാര്‍ട്ട്‌മെന്റിനുതന്നെ വെല്ലുവിളി ഉയര്‍ത്തുന്ന അനില്‍കുമാര്‍ എന്ന ക്രിമിനലിന് നേരേ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

Tags: