സമൂഹവ്യാപന പ്രതിരോധം; ജില്ലയില്‍ കര്‍ശന ജാഗ്രതയും നടപടികളുമെന്ന് കോട്ടയം കലക്ടര്‍

രോഗമുക്തരായി വീടുകളിലേക്ക് മടങ്ങുന്നവരും ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ടവരും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് നിരീക്ഷണം ശക്തമാക്കും.

Update: 2020-07-08 14:12 GMT

കോട്ടയം: കൊവിഡ് 19 ബാധിതരുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സമൂഹവ്യാപനം പ്രതിരോധിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു. രോഗമുക്തരായി വീടുകളിലേക്ക് മടങ്ങുന്നവരും ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ടവരും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് നിരീക്ഷണം ശക്തമാക്കും. ആശുപത്രികളില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നവര്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. സ്വകാര്യവാഹനങ്ങളില്‍ ആശുപത്രികളില്‍നിന്ന് പോവുന്നവര്‍ യാത്രയിലും വീടുകളിലെത്തിയ ശേഷവും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ പാടില്ല.

ഹോം ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളവര്‍ ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വാര്‍ഡ്തല നിരീക്ഷണസമിതികള്‍ ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. മാര്‍ക്കറ്റുകളില്‍ രോഗം പകരാനുള്ള സാധ്യത ഒഴിവാക്കുന്നതിന് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ലോറി ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍ തുടങ്ങിയവരുമായി വ്യാപാരികളും ചുമട്ടുതൊഴിലാളികളും അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ക്രമീകരണം ഏര്‍പ്പെടുത്തണം. ഇതിനായി തദ്ദേശസ്ഥാപനങ്ങളും പോലിസ്, റവന്യു, ഫിഷറീസ് വകുപ്പുകളും ചേര്‍ന്ന് പരിശോധനകള്‍ നടത്തണം.

ഓരോ മാര്‍ക്കറ്റിന്റെയും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രവര്‍ത്തനമാനദണ്ഡങ്ങള്‍ തയ്യാറാക്കി അതനുസരിച്ചുള്ള നടപടികള്‍ ഉറപ്പാക്കുന്നതിന് തഹസില്‍ദാര്‍മാര്‍ നേതൃത്വം നല്‍കും. മല്‍സ്യമാര്‍ക്കറ്റുകളില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതുസംബന്ധിച്ച് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ മൂന്ന് മുനിസിപ്പാലിറ്റികളിലും നാലു ഗ്രാമപ്പഞ്ചായത്തുകളിലുമാണ് മല്‍സ്യമാര്‍ക്കറ്റുകളുള്ളത്. വൈക്കം കോലോത്തുംകടവ് മാര്‍ക്കറ്റിനുവേണ്ടി നഗരസഭയും പോലിസും ചേര്‍ന്ന് തയ്യാറാക്കിയിട്ടുള്ള മുന്‍കരുതല്‍ സംവിധാനം മാതൃകയാക്കിയാണ് മറ്റു മല്‍സ്യമാര്‍ക്കറ്റുകളിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക.

സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് എല്ലാ ബ്ലോക്കുകളിലും രോഗബാധിതരുടെ പ്രാഥമിക പരിചരണത്തിനുള്ള കേന്ദ്രങ്ങള്‍ (കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍- സിഎഫ്എല്‍ടിസി) ആരംഭിക്കും. ലക്ഷണങ്ങളില്ലാത്തവരും ഗുരുതരമല്ലാത്ത ലക്ഷണങ്ങളുള്ളവരുമായ രോഗികളെയാണ് ഇത്തരം കേന്ദ്രങ്ങളില്‍ താമസിപ്പിക്കുക. നിലവില്‍ പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ ബ്ലോക്ക്, മുട്ടമ്പലം സര്‍ക്കാര്‍ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍, അകലക്കുന്നം കെ ആര്‍ നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സ് എന്നീ സിഎഫ്എല്‍ടിസികളിലാണ് രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതിനു പുറമെ പ്രാഥമികപരിചരണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് നിരവധി സ്ഥാപനങ്ങളില്‍ ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

മാനസികാരോഗ്യപ്രശ്‌നങ്ങളുള്ള രോഗബാധിതര്‍ക്കായി പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജമാക്കും. ദുരന്തനിവാരണ അതോറിറ്റി കോ-ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പോലിസ് മേധാവി ജി ജയദേവ്, എഡിഎം അനില്‍ ഉമ്മന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.പി എന്‍ വിദ്യാധരന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ ഫയര്‍ ഓഫിസര്‍ കെ ആര്‍ ഷിനോയ്, ജില്ലാ സപ്ലൈ ഓഫിസര്‍ സി വി മോഹനകുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. 

Tags:    

Similar News