കൊച്ചി: ശാന്താനന്ദ മഹര്‍ഷിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിലായിരുന്നു വാവര്‍ തീവ്രവാദിയാണെന്നും മുസ് ലിം ആക്രമണകാരിയാണെന്നും ശാന്താനന്ദ മഹര്‍ഷി പറഞ്ഞത്. ശാന്താനന്ദ മഹര്‍ഷിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതിയുടെ ഇടപെടല്‍.
പന്തളം പോലിസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഹരജി അടുത്ത 15 ന് പരിഗണിക്കും. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയാണ് വാവര് എന്നായിരുന്നു പ്രസംഗം. ശാന്താനന്ദയ്‌ക്കെതിരെ മൂന്നോളം പരാതികളാണ് പന്തളം പോലിസിന് ലഭിച്ചിരുന്നത്. ശാന്താനന്ദയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസിന്റെ മാധ്യമ വക്താവായ ആര്‍ അനൂപ്, പന്തളം രാജകുടുംബാഗമായ പ്രദീപ് വര്‍മ്മ, ഡിവൈഎഫ്‌ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയും പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയിരുന്നു.