കമ്മീഷനുകളെ തീറ്റിപ്പോറ്റുന്നത് കോടിയേരിയുടെ അധോലോക സമ്പത്ത് കൊണ്ടല്ല: വിമന്‍ ഇന്ത്യാ മൂവ്മെന്റ്

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഓടിയെത്തിയ ബാലാവകാശ കമ്മീഷന്‍ നീതി നിഷേധിക്കപ്പെട്ട കുഞ്ഞുമക്കളുടെ മുഖത്തേയ്ക്ക് നോക്കി കൊഞ്ഞനം കുത്തുകയാണ്.

Update: 2020-11-05 13:41 GMT

കൊച്ചി: വനിതാ കമ്മീഷനെയും ബാലാവകാശ കമ്മീഷനെയും തീറ്റിപ്പോറ്റുന്നത് കോടിയേരിയുടെ അധോലോക സമ്പത്തുകൊണ്ടല്ലെന്ന് വിമന്‍ ഇന്ത്യാ മുവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഓടിയെത്തിയ ബാലാവകാശ കമ്മീഷന്‍ നീതി നിഷേധിക്കപ്പെട്ട കുഞ്ഞുമക്കളുടെ മുഖത്തേയ്ക്ക് നോക്കി കൊഞ്ഞനം കുത്തുകയാണ്.

അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ഓടിയെത്തുക മാത്രമല്ല, നീതിവാങ്ങിക്കൊടുക്കുകയും ചെയ്യേണ്ടത് കമ്മീഷനുകളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍, നീതിയെന്നത് തമ്പ്രാന്‍മാര്‍ക്കും അരമനകളിലേയ്ക്കും മാത്രമായി പകുത്തുനല്‍കുന്നത് കണ്ടുനില്‍ക്കാന്‍ ഈ നാട്ടിലെ ജനങ്ങള്‍ സിപിഎമ്മിന്റെയോ അധോലോക മുതലാളിമാരുടെയോ അടിമകളല്ല.

പാലത്തായിയിലെ പിഞ്ചുകുഞ്ഞിന്റെയോ വാളയാറിലെ പെണ്‍കുട്ടികളുടെയോ ഇടുക്കിയിലെ പെണ്‍കുട്ടിയുടെയോ അടുത്തേയ്ക്ക് തിരിഞ്ഞുനോക്കാത്ത ബാലാവകാശ കമ്മീഷനുകള്‍ കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയത് അധോലോക ഇടപാടുകളുടെയും മയക്കുമരുന്ന് ലോബികളുടെയും ലാഭങ്ങള്‍ ഇവരുടെ ഇടങ്ങളിലേക്ക് കൂടി നീങ്ങുന്നു എന്നതിന്റെ സൂചനയാണ്. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന മയക്കുമരുന്ന് ലോബിയെ സഹായിക്കുന്നതില്‍ ഇവര്‍ക്കുള്ള പങ്ക് അന്വേഷിക്കണമെന്നും റൈഹാനത്ത് ആവശ്യപ്പെട്ടു.

Tags: