ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ കള്ളവോട്ട് പരാതി തള്ളി

ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട കായംകുളത്തും മാവേലിക്കര മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ടും ഇരട്ടവോട്ടും നടത്തിയെന്നായിരുന്നു ആരോപണം.

Update: 2019-05-09 08:22 GMT

തിരുവനന്തപുരം: ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളില്‍ കള്ളവോട്ട് ആരോപിച്ച് യുഡിഎഫ് നല്‍കിയ പരാതി ജില്ലാ വരണാധികാരി തെളിവുകളുടെ അഭാവം ചൂണ്ടികാട്ടി തള്ളി. കള്ളവോട്ട് സംബന്ധിച്ച ദൃശ്യങ്ങള്‍ ബൂത്തുകളില്‍ നിന്ന് ലഭിച്ചില്ല.

വെബ് കാസ്റ്റിങ് ഇല്ലെങ്കിലും സാക്ഷി മൊഴികളും മൊബൈല്‍ ഫോണ്‍ ടവര്‍ ലോക്കേഷനും കണ്ടെത്തിയാല്‍ ആരോപണം തെളിയാക്കാന്‍ കഴിയുമെന്നായിരുന്നു യുഡിഎഫ് വാദം. എന്നാല്‍ ഇത്തരത്തിലുള്ള തെളിവുകള്‍ കള്ളവോട്ട് തെളിയിക്കാന്‍ പ്രാപ്തമല്ലെന്ന ജില്ലാ വരണാധികാരിയുടെ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

കള്ളവോട്ട് വ്യക്തമായിരുന്നു എങ്കില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ വൈകിയത് എന്തെന്ന ചോദ്യത്തിനും കൃത്യമായ മറുപടി നല്‍കാന്‍ ആരോപണമുന്നയിച്ചവര്‍ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് തെളിവുകളുടെ അഭാവത്തില്‍ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ കള്ളവോട്ട് പരാതി തള്ളിക്കൊണ്ട് ജില്ലാ വരണാധികാരി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട കായംകുളത്തും മാവേലിക്കര മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ടും ഇരട്ടവോട്ടും നടത്തിയെന്നായിരുന്നു ആരോപണം. വോട്ടേഴ്സ് ലിസ്റ്റിലെ രേഖകള്‍ അടക്കം തെളിവായി ഹാജരാക്കിയെങ്കിലും ഈ ബൂത്തുകളിലെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ പരാതിക്കാര്‍ക്ക് സാധിച്ചിരുന്നില്ല.

വെബ്കാസ്റ്റിങ് സംവിധാനമോ സിസിടിവിയോ ഇവിടങ്ങളില്‍ ഉണ്ടായിരുന്നില്ല. ഇതിനാല്‍ തന്നെ പരാതിയുടെ ഘട്ടത്തില്‍ തന്നെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Similar News