അവിനാശി അപകടം: ലോറി ഡ്രൈവര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്; ലൈസന്‍സ് റദ്ദാക്കും

അറസ്റ്റിലായ ഡ്രൈവര്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹേമരാജിനെ ഈറോഡ് പോലിസ് ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഡ്രൈവിങ്ങിനിടെ ശ്രദ്ധനഷ്ടപ്പെട്ടതാണ് അപകടത്തിന് വഴിവച്ചതെന്നാണ് ഡ്രൈവറുടെ മൊഴി.

Update: 2020-02-21 03:33 GMT

തിരുപ്പൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ 19 പേരുടെ മരണത്തിനിടയാക്കിയ കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ക്കെതിരേ പോലിസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അറസ്റ്റിലായ ഡ്രൈവര്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹേമരാജിനെ ഈറോഡ് പോലിസ് ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഡ്രൈവിങ്ങിനിടെ ശ്രദ്ധനഷ്ടപ്പെട്ടതാണ് അപകടത്തിന് വഴിവച്ചതെന്നാണ് ഡ്രൈവറുടെ മൊഴി.

ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്ന ഇയാളുടെ വാദം മോട്ടോര്‍ വാഹനവകുപ്പ് തള്ളിയിരുന്നു. വിശദമായ ചോദ്യംചെയ്യലിലാണ് അപകടത്തിന് കാരണം അശ്രദ്ധയാണെന്ന് ഹേമരാജ് സമ്മതിച്ചത്. അതേസമയം, വിശദമായ പരിശോധനയ്ക്കായി കേരള മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ അടക്കം ഉടന്‍ തിരുപ്പൂരിലെത്തും. കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ് കമ്പനിയുടെ എറണാകുളത്ത് ഒരുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്തതാണ് ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍നിന്ന് ടൈല്‍ നിറച്ച കണ്ടെയ്‌നറുമായി പോവുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

ലോറിയില്‍ അമിതലോഡ് കയറ്റിയിരുന്നുവെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധനഷ്ടപ്പെട്ടെന്നും ഡിവൈഡറില്‍ ഇടിച്ചശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവുണ്ടായതെന്നും ഡ്രൈവര്‍ മൊഴി നല്‍കി. ഡിവൈഡറില്‍ ഇടിച്ചുകയറിയതിന്റെ ആഘാതത്തില്‍ കണ്ടെയ്‌നര്‍ ഇരട്ടിപ്രഹരത്തില്‍ ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഹേമരാജിനെ ഈറോഡിലെ പെരുന്തുറയില്‍ നിന്നാണ് തമിഴ്‌നാട് പോലിസ് അറസ്റ്റുചെയ്തത്. ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍സിടി വോള്‍വോ ബസ്സാണ് വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെ അപകടത്തില്‍പ്പെട്ടത്.  

Tags: