തീരദേശ ഹൈവേ സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

തീരദേശ ഹൈവേ സംസ്ഥാനത്തെ സംബന്ധിച്ച് സ്വപ്‌ന പദ്ധതിയാണ്. പാതയുടെ നിര്‍മാണത്തിനാവശ്യമായ നടപടികള്‍ സമയബന്ധിതമായി നടപ്പാക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.-മന്ത്രി റിയാസ് പറഞ്ഞു.

Update: 2022-01-28 12:55 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് തീരദേശ പാതയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതി സംബന്ധിച്ച് ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ ഹൈവേ സംസ്ഥാനത്തെ സംബന്ധിച്ച് സ്വപ്‌ന പദ്ധതിയാണ്. പാതയുടെ നിര്‍മാണത്തിനാവശ്യമായ നടപടികള്‍ സമയബന്ധിതമായി നടപ്പാക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

പാതയുടെ നിര്‍മാണം വിലയിരുത്തന്‍ രണ്ടു മാസത്തിലൊരിക്കല്‍ മന്ത്രിതലത്തില്‍ അവലോകന യോഗം ചേരും. ജില്ലാതലത്തില്‍ കലക്ടര്‍മാരെ പങ്കെടുപ്പിച്ച് വിലയിരുത്തല്‍ യോഗം നടത്തും. ഓരോ ജില്ലയിലെയും പാതയുടെ ഓരോ റീച്ചിന്റെ നിര്‍മാണം സംബന്ധിച്ചും വിലയിരുത്തും. പ്രശ്‌നങ്ങള്‍ ഉള്ളിടത്ത് നേരിട്ടുതന്നെ പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. തീരദേശ പാതയുടെ വിശദ പദ്ധതി രേഖ തയ്യാറാക്കാന്‍ തിരഞ്ഞെടുത്ത ഏജന്‍സികള്‍ ആയ നാറ്റ്പാക്, ഐഡെക്ക്, എല്‍ ആന്‍ഡ് ടി എന്നിവയുടെ പ്രതിനിധികള്‍ അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ വിശദശാംശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു.

ഫെബ്രുവരി 28നു മുന്‍പ് മൂന്നു ഏജന്‍സികളോടും വിശദ പദ്ധതി രേഖ തയ്യാറാകാന്‍ മന്ത്രി നിര്‍ദേശിച്ചു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ ആക്കാനും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി എസ് സാംബശിവ റാവു, പിഡബ്ലിയുഡി, കെ ആര്‍ എഫ് ബി, കിഫ്ബി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരില്‍നിന്നു തുടങ്ങി കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത് അവസാനിക്കുന്നതാണ് തീരദേശ പാത. കോട്ടയം, പത്തനംതിട്ട, വയനാട്, ഇടുക്കി, പാലക്കാട് ഒഴികെയുള്ള ഒന്‍പത് ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. ആകെ 650 കിലോമീറ്റര്‍ ആണ് നീളം.

Tags:    

Similar News