സഹകരണ ബാങ്കുകളിലെ കുടിശ്ശിക നിവാരണ പദ്ധതിയുടെ കാലാവധി ഒരുമാസം കൂടി ദീര്‍ഘിപ്പിച്ചു

2018 ഡിസംബര്‍ 1 മുതല്‍ കഴിഞ്ഞ മാസം 28 വരെ പ്രഖ്യാപിച്ച പദ്ധതിയുടെ പ്രയോജനം കൂടുതല്‍ പേര്‍ക്ക് ലഭിക്കുന്നതിനായി പദ്ധതി കാലാവധി ദീര്‍ഘിപ്പിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

Update: 2019-03-01 14:51 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശിക അടച്ചു തീര്‍ക്കുന്നതിനായി പ്രഖ്യാപിച്ച നവ കേരളീയം കുടിശ്ശിക നിവാരണ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. 2018 ഡിസംബര്‍ 1 മുതല്‍ കഴിഞ്ഞ മാസം 28 വരെ പ്രഖ്യാപിച്ച പദ്ധതിയുടെ പ്രയോജനം കൂടുതല്‍ പേര്‍ക്ക് ലഭിക്കുന്നതിനായി പദ്ധതി കാലാവധി ദീര്‍ഘിപ്പിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. സഹകരണസംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ളതും വായ്പ നല്‍കുന്നതുമായ എല്ലാ സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശ്ശിക ഇതുപ്രകാരം അടച്ചുതീര്‍ക്കാനാവും. 2018 നവംബര്‍ 30 വരെ പൂര്‍ണമായോ ഭാഗികമായോ കുടിശ്ശികയായ വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിനായി പരിഗണിക്കും.

കാന്‍സര്‍ ബാധിതര്‍, കിഡ്‌നി സംബന്ധമായ രോഗംമൂലം ഡയാലിസിസിന് വിധേയരായവര്‍, ഗുരുതരമായ ഹൃദയസംബന്ധ ശസ്ത്രക്രിയക്ക് വിധേയരായവര്‍, പക്ഷാഘാതംമൂലമോ അപകടംമൂലമോ ശരീരം തളര്‍ന്ന് കിടപ്പായവര്‍, എയ്ഡ്‌സ് രോഗം ബാധിച്ചവര്‍, ലിവര്‍ സിറോസിസ് ബാധിച്ചവര്‍, ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവര്‍, ഈ രോഗങ്ങള്‍ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവര്‍, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തില്‍ ആയിരിക്കുന്നവര്‍, മാതാപിതാക്കള്‍ മരണപ്പെട്ടശേഷം മാതാപിതാക്കള്‍ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനില്‍ക്കുന്ന കുട്ടികള്‍ തുടങ്ങിയവരുടെ വായ്പകള്‍ തുടങ്ങി ഓരോ വായ്പക്കാരന്റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകളോടെ തീര്‍പ്പാക്കാനാകും.

വായ്പക്കാരന്റെ നിലവിലെ സാഹചര്യം, സാമ്പത്തികസ്ഥിതി, തിരിച്ചടവ്‌ശേഷി എന്നിവ ഭരണസമിതി വിലയിരുത്തണം. എല്ലാ വായ്പാ ഒത്തുതീര്‍പ്പുകളിലും പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കും. എന്നാല്‍ ആര്‍ബിട്രേഷന്‍/എക്‌സിക്യൂഷന്‍ ഫീസ്, കോടതിച്ചെലവുകള്‍/പരസ്യച്ചെലവുകള്‍ എന്നിവ വായ്പക്കാരനില്‍നിന്നും ഈടാക്കും. ഈ സാമ്പത്തിക വര്‍ഷം തുടക്കംമുതല്‍ കൃത്യമായി തവണകള്‍ അടച്ചുവരുന്ന വായ്പക്കാര്‍ക്ക് അടച്ച ആകെ പലിശയുടെ പത്ത് ശതമാനം വരെ ഇളവ് നല്‍കാം.

Tags:    

Similar News