നവചിന്താ ജനാധിപത്യ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ഒന്നിപ്പിക്കുകയെന്നതാണ് സിഎംപിയുടെ ലക്ഷ്യമെന്ന് സി പി ജോണ്‍

ഇന്ത്യയില്‍ രൂപപ്പെട്ടുവരുന്ന ഫാഷിസത്തിന്റെ അടിത്തറ കോര്‍പ്പറേറ്റ് മൂലധനമാണ്. അതിനുള്ള മറ മാത്രമാണ് വര്‍ഗീയതയെന്നും സി പി ജോണ്‍ പറഞ്ഞു.

Update: 2019-01-28 09:26 GMT

കൊച്ചി: ലോകത്തെല്ലായിടത്തുമുള്ള നവചിന്താ ജനാധിപത്യ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെ അണിചേര്‍ത്ത് പുതിയ നവചിന്താ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയര്‍ത്തുക എന്നതാണ് സിഎംപി 10ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സി പി ജോണ്‍ പറഞ്ഞു. 10ാം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംവിആര്‍ ബദല്‍രേഖ അവതരിപ്പിച്ച വേദിയില്‍ വെച്ച് തന്നെ 10ാം പാര്‍ട്ടി കോണ്‍ഗ്രസ് അത്യന്തം ഗൗരവമേറിയ ആശയങ്ങള്‍ മുന്നോട്ടുവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യയില്‍ രൂപപ്പെട്ടുവരുന്ന ഫാഷിസത്തിന്റെ അടിത്തറ കോര്‍പ്പറേറ്റ് മൂലധനമാണ്. അതിനുള്ള മറ മാത്രമാണ് വര്‍ഗീയതയെന്നും സി പി ജോണ്‍ പറഞ്ഞു. സമ്മേളനത്തില്‍ രാഷ്ട്രീയ പ്രമേയം ജനറല്‍ സെക്രട്ടറി അവതരിപ്പിച്ചു. ആറ് അധ്യായങ്ങളുള്ള പ്രമേയത്തില്‍ സാര്‍വദേശീയരംഗം, ദേശീയ രാഷ്ട്രീയം, വിശ്വാസം, മതം, വര്‍ഗസമരം, സ്ത്രീ പ്രശ്‌നം, ആദിവാസി ദളിത് പ്രശ്‌നം, കേരള രാഷ്ട്രീയം എന്നീ വിഷയങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. രക്തസാക്ഷി പ്രമേയം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എ അജീറും, അനുശോചന പ്രമേയം കൃഷ്ണന്‍ കോട്ടുമലയും അവതരിപ്പിച്ചു. ഇന്ന് രാവിലെ വിവിധ രാഷ്ട്രീയ രേഖകള്‍ സംബന്ധിച്ച ചര്‍ച്ചയും അതിനുള്ള മറുപടിയുമുണ്ടാകും. തുടര്‍ന്ന് പുതിയ സെന്‍ട്രല്‍ കൗണ്‍സിലിനെ തരഞ്ഞെടുക്കുന്നതോടെ കോണ്‍ഗ്രസ് നടപടികള്‍ സമാപിക്കും.

Tags:    

Similar News