തൊഴിലുറപ്പ് പദ്ധതി ആരംഭിക്കും; അഞ്ചില്‍ കൂടുതല്‍ തൊഴിലാളികള്‍ പാടില്ല

നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം തുറക്കാന്‍ അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ക്ക് തുറന്ന് വൃത്തിയാക്കാന്‍ ഒരു ദിവസം അനുമതി നല്‍കും.

Update: 2020-04-16 14:45 GMT

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി (അയ്യങ്കാളി തൊഴിലുറപ്പ് ഉള്‍പ്പെടെ) പ്രകാരമുള്ള ജോലി സംസ്ഥാനത്ത് ആരംഭിക്കും. അഞ്ചില്‍ കൂടുതല്‍ തൊഴിലാളികള്‍ ഒരു ടീമില്‍ ഉണ്ടാകാത്ത രീതിയില്‍ ക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം തുറക്കാന്‍ അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ക്ക് തുറന്ന് വൃത്തിയാക്കാന്‍ ഒരു ദിവസം അനുമതി നല്‍കും. എല്ലാ ഇളവുകളും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ശാരീരിക അകലവും പാലിച്ചുകൊണ്ടു മാത്രമേ പ്രയോജനപ്പെടുത്താനാവൂ.  അത്യാവശ്യം വേണ്ട ആളുകളെ മാത്രമേ ജോലിക്ക് നിയോഗിക്കാവൂ. രോഗലക്ഷണമുള്ളവരെ ഒരു കാരണവശാലും ഈ ഇളവിന്‍റെ പേരില്‍ ജോലി ചെയ്യിക്കരുത്.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ആയൂര്‍വേദ മരുന്നുകളുടെ പ്രാധാന്യം പൊതുവെ അംഗീകരിച്ചിട്ടുണ്ട്. ആയൂര്‍വേദ/ ഹോമിയോ മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. മരുന്നുകള്‍ കൊണ്ടുപോകുന്നതിന് സംസ്ഥാനതലത്തിലായാലും അന്തര്‍സംസ്ഥാന തലത്തിലായാലും അനുമതി നല്‍കും.

മെയ് 3 വരെ കോസ്മറ്റിക്സ് ഉപയോഗിച്ചുള്ള സൗന്ദര്യവര്‍ദ്ധന സേവനങ്ങള്‍ ഇല്ലാതെ ബാര്‍ബര്‍ ഷോപ്പുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാം. എസി ഉപയോഗിക്കരുത്. രണ്ടില്‍ കൂടുതല്‍ ആളുകള്‍ ഷോപ്പില്‍ കാത്തിരിക്കാന്‍ പാടില്ല. പ്ലംബര്‍, ഇലക്ട്രീഷ്യന്‍, മൊബൈല്‍-കമ്പ്യൂട്ടര്‍ ടെക്നീഷ്യന്‍ തുടങ്ങിയവര്‍ വാതില്‍പ്പടി സേവനം നല്‍കുമ്പോള്‍ ശരിയായ ശാരീരിക അകലം പാലിക്കുകയും മാസ്ക്ക് ഉപയോഗിക്കുകയും വേണം. പനി, ചുമ, ജലദോഷം എന്നിവ ഉള്ളവര്‍ പുറത്തിറങ്ങാനേ പാടില്ല.

ഓരോ പ്രദേശവും അണുമുക്തവും മാലിന്യ മുക്തവും ആക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക പദ്ധതി തയ്യാറാക്കും. വീടുകളും പരിസരവും ശുചിയാക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തിന്‍റെ പ്രത്യേകത അനുസരിച്ച് ക്യാമ്പയിന്‍ സംഘടിപ്പിക്കാനാവണം.

അടച്ചിട്ട ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും തുറക്കുന്ന ഘട്ടത്തില്‍ അണുവിമുക്തമാക്കുകയും പരിസരമടക്കം ശുചീകരിക്കുകയും വേണം. കമ്യൂണിറ്റി കിച്ചണുകള്‍ നല്ല നിലയ്ക്ക് നടക്കുന്നുണ്ട്. അര്‍ഹതയുള്ളവര്‍ക്കാണ് അവിടെ  ഭക്ഷണം നല്‍കേണ്ടത്. നേരത്തെ അനര്‍ഹരായ ആളുകള്‍ക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കുന്നതില്‍ പ്രശ്നമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാവരുടെയും കൈയില്‍ റേഷന്‍ എത്തിയതിനാല്‍ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം വേണ്ട എന്നു പറയുന്ന അവസ്ഥയുണ്ട്. അതില്ലാതെ വിഷമിക്കുന്നവര്‍ക്കാണ് ഇതിലൂടെ ഭക്ഷണം നല്‍കേണ്ടത്.

ജോലിയില്ലാതെ ധാരാളം അതിഥിതൊഴിലാളികളുണ്ട്. പൊതുസ്ഥലങ്ങളിലെ ശുചീകരണത്തിനും  കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ പുനരുദ്ധാരണത്തിനും അതിഥിതൊഴിലാളികളെ ഉപയോഗിക്കുന്ന കാര്യം പരിശോധിക്കണം. ഇതുവഴി അവര്‍ക്ക് ചെറിയ തൊഴിലും വരുമാനവും കിട്ടും.

ലൈഫ് പദ്ധതിയില്‍ മുടങ്ങിപ്പോയ വീടുകളുടെ നിര്‍മാണം മഴയ്ക്കു മുന്‍പെ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ പ്രവൃത്തിക്കും അതിഥിതൊഴിലാളികളെ ഉപയോഗിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം.

പൊതുശുചീകരണ പ്രവൃത്തികള്‍ക്ക് ശുചിത്വമിഷന്‍റെയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെയും ഫണ്ട് ഉപയോഗിക്കാന്‍ കഴിയുമോ എന്ന് നോക്കണം. ശുചീകരണ പ്രവൃത്തികള്‍ക്ക് ഹരിതസേനയെ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News